ന്യൂഡൽഹി: ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയടക്കം തന്ത്രപ്രധാന മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ധാരണയായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കിഷിദ ഇന്നലെ രാവിലെയാണ് ഡൽഹിയിലെത്തിയത്. മേയിൽ നടക്കുന്ന ജി- 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ കിഷിദ ഔദ്യോഗികമായി ക്ഷണിച്ചു.
വിവിധ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇന്തോ-പസഫിക്ക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതും നിർണ്ണായകമാണെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്‌താവനയിൽ ഇരു നേതാക്കളും പറഞ്ഞു. ജി -20യുടെ അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയും ജി-7 ന്റെ അദ്ധ്യക്ഷത വഹിക്കുന്ന ജപ്പാനും തമ്മിലുള്ള സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
ആഗോള നന്മയ്‌ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള നല്ല അവസരമാണിത്.
ഇന്ത്യ-ജപ്പാൻ ബന്ധം തന്ത്രപരവും ജനാധിപത്യ തത്വങ്ങളെയും അന്താരാഷ്ട്ര നിയമവാഴ്ചയെയും അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇന്തോ-പസഫിക്കിനും ഇതു പ്രധാനമാണ്.
കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും പ്രതിരോധ ഉപകരണങ്ങൾ, സെമികണ്ടക്‌ടറുകൾ, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, ഡിജിറ്റൽ മേഖലകളിലെ എന്നിവയിലെ പങ്കാളിത്തവും ചർച്ച ചെയ്‌തു.
ജപ്പാനിൽ നിന്ന് പ്രതീക്ഷിച്ച 3,20,000 കോടി രൂപയുടെ നിക്ഷേപം എത്തുന്നതിൽ പുരോഗതി ഉണ്ടായെന്നും മോദി വിലയിരുത്തി. 2019-ലുണ്ടാക്കിയ കരാറിന് കീഴിൽ, ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം, എം.എസ്.എം.ഇ, ടെക്സ്റ്റൈൽസ്, മെഷിനറി, സ്റ്റീൽ തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം തുടരുന്നതിൽ ഇരുനേതാക്കളും സന്തോഷം പ്രകടിപ്പിച്ചു.
മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. 2023 ടൂറിസം കൈമാറ്റ വർഷമായി ആഘോഷിക്കുന്നതിനാൽ 'ഹിമാലയത്തെ മൗണ്ട് ഫുജിയുമായി ബന്ധിപ്പിക്കൽ" എന്ന ആശയം തിരഞ്ഞെടുത്തതായി മോദി പറഞ്ഞു.
ദക്ഷിണേഷ്യൻ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുമെന്ന് കിഷിദ ചൂണ്ടിക്കാട്ടി. ബംഗ്ളാദേശുമായി സഹകരിച്ച് ബംഗാൾ ഉൾക്കടൽ- വടക്കുകിഴക്കൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വ്യാവസായിക മൂല്യം ഉറപ്പിക്കാനുള്ള സഹകരണം ശക്തമാക്കും.
ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് അധികം വൈകാതെ വികസിത രാജ്യമായി മാറുമെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശുമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന്റെ സാദ്ധ്യത ചർച്ച ചെയ്യുകയാണ്.
റഷ്യയ്‌ക്കെതിരെ ജപ്പാൻ
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ അപലപിക്കുന്നതായി കിഷിദ പറഞ്ഞു. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ നിർണ്ണായകമാണ്. ലോകത്തെവിടെയും ബലം പ്രയോഗിച്ചുള്ള ഏകപക്ഷീയ മാറ്റങ്ങളെ ജപ്പാൻ എതിർക്കുന്നു
2016-ൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ അവതരിപ്പിച്ച ഫ്രീ ആന്റ് ഓപ്പൺ ഇൻഡോ- പസഫിക് (എഫ്.ഒ.ഐ.പി) എന്ന ആശയം വിപുലീകരിക്കും. റഷ്യയുടെ യുക്രെയിൻ അധിനിവേശം വെല്ലുവിളിയാണ്. അതിനാൽ എഫ്.ഒ.ഐ.പിക്ക് വിഭജനത്തെയും ഏറ്റുമുട്ടലിനെയും പ്രതിരോധിച്ച് അന്താരാഷ്ട്ര സഹകരണത്തിന്റെ സന്ദേശം നൽകാനാകും. അന്താരാഷ്ട്ര സമൂഹം സഹകരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ യുഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |