ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ ലോക്‌പാലിന് അധികാരമുണ്ടോയെന്നത് ഏപ്രിൽ 15ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. വിഷയത്തിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്രർ ജനറലുമായ രഞ്ജിത് കുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
പരാതികൾ പരിഗണിക്കാൻ അധികാരമുണ്ടെന്ന ലോക്പാലിന്റെ നിലപാടിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യകാന്ത്, അഭയ് എസ്.ഓക എന്നിവരടങ്ങിയ ബെഞ്ച്.
സിവിൽ കേസിൽ കക്ഷിയായ സ്വകാര്യ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ ഒരു ഹൈക്കോടതി ജഡ്‌ജി, അഡീഷണൽ ജില്ലാ ജഡ്‌ജിയെയും മറ്റൊരു ഹൈക്കോടതി ജഡ്‌ജിയെയും സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ലോക്പാലിന് മുന്നിൽ പരാതിയെത്തിയിരുന്നു. ഇത് പരിഗണിക്കവേ ഹൈക്കോടതി ജഡ്‌ജിമാർ ലോക്പാൽ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അദ്ധ്യക്ഷനായ ലോക്പാൽ ഫുൾബെഞ്ച് നിലപാടെടുത്തു. തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. പരാതിയിൽ പറയുന്ന ഹൈക്കോടതി ജഡ്‌ജിയുടെ പേര് വെളിപ്പെടുത്തുന്നതും വിലക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |