ന്യൂഡൽഹി: ഇന്ത്യയിൽ നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷാ വാൻസിനും മൂന്ന് കുട്ടികൾക്കുമൊപ്പം ഡൽഹി സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു. ഇന്നലെ രാവിലെ ഡൽഹിയിൽ എത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പരിപാടിയായിരുന്നു ക്ഷേത്ര സന്ദർശനം.
ക്ഷേത്രം വളരെയധികം ഇഷ്‌ടപ്പെട്ടെന്ന് അദ്ദേഹം സന്ദർശക പുസ്‌തകത്തിൽ എഴുതി. ഈ മനോഹരമായ സ്ഥലത്തേക്ക് എന്നെയും എന്റെ കുടുംബത്തെയും സ്വാഗതം ചെയ്ത ആതിഥ്യമര്യാദയ്ക്കും ദയയ്ക്കും വളരെ നന്ദി. കൃത്യതയോടെയും ശ്രദ്ധയോടെയും മനോഹരമായ ഒരു ക്ഷേത്രം നിങ്ങൾ നിർമ്മിച്ചത് ഇന്ത്യയ്ക്ക് വലിയ അംഗീകാരമാണ്. കുട്ടികൾക്ക് അത് വളരെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം എഴുതി. വാൻസും കുടുംബവും 55മിനിട്ടോളം ക്ഷേത്ര പരിസരത്ത് ചെലവഴിച്ചു. ഇന്നലെ രാവിലെ പാലം വിമാനത്താവളത്തിൽ വിമാനമിറങ്ങിയ വാൻസിനെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ചു. ഇന്ന് ജയ്പൂരിലും നാളെ ആഗ്രയിൽ താജ്മഹലിലും അദ്ദേഹം സന്ദർശനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |