ലോറ, നീ എവിടെ ?
കറാച്ചി : പാക് അധിനിവേശകാശ്മീരിൽ പർവതാരോഹണത്തിനിടെ ശീതകാല ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവായ ജർമ്മൻ വനിതാ ബയാത്ത്‌ലൺ താരത്തിന് ദാരുണാന്ത്യം. 31കാരിയായ ലോറ ഡാൽമേയർക്കാണ് കഴിഞ്ഞദിവസം കാറക്കോറം മലനിരകളിൽവച്ച് അപകടമുണ്ടായത്. ലോറയ്ക്കൊപ്പം ലൈലാ പീക്കിൽ കയറിയ ജർമ്മൻകാരി മറീന ഈവയെ രക്ഷപെടുത്തി. എന്നാൽ മോശം കാലാവസ്ഥ കാരണം ലോറയുടെ മൃതശരീരം വീണ്ടെടുക്കാനായിട്ടില്ല.
ജൂൺമാസംമുതൽ പാകിസ്ഥാനിൽ പർവതാരോഹണത്തിലായിരുന്നു ലോറയും ഇവയും. തിങ്കളാഴ്ച സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ ഉയരത്തിലെത്തിയപ്പോഴാണ് മുകളിൽനിന്ന് പാറയിടിഞ്ഞ് ലോറയുടേയും ഈവയുടേയും ദേഹത്തേക്ക് വീണത്. ഏറെനേരം കഴിഞ്ഞാണ് ബേസ് ക്യാമ്പിലേക്ക് റേഡിയോ സന്ദേശമയയ്ക്കാൻ ഈവയ്ക്ക് കഴിഞ്ഞത്. അപ്പോഴേക്കും ലോറ മരണപ്പട്ടിരുന്നുവെന്ന് ഈവ പറഞ്ഞു. തന്നെ രക്ഷിക്കാൻ ജീവൻ പണയം വച്ച് ആരേയും അയയ്ക്കേണ്ടെന്ന് ലോറ പറഞ്ഞതായി ഇപ്പോൾ ആശുപത്രിയിലുള്ള ഈവ പറയുന്നു. ഇതോടെയാണ് ഈവ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്ന സ്ഥലത്തേക്ക് മാറിയത്.
2018ൽ പിയോംഗ്ചാംഗിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ ഇരട്ട സ്വർണവും വെങ്കലവും നേടിയിരുന്ന ലോറ വിവിധ ലോക ബയാത്ത്‌ലൺ ചാമ്പ്യൻഷിപ്പുകളിൽ നിന്നായി ഏഴ് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയിട്ടുണ്ട്. 2016-17ലെ ലോകകപ്പ് ജേതാവുമായിരുന്നു. 2019ൽ കായികരംഗത്തുനിന്ന് വിരമിച്ചശേഷമാണ് പർവതാരോഹണം ഹരമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |