തിരുവനന്തപുരം: സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലറെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും, ഹൈക്കോടതിയിൽ നിന്ന് സർക്കാർ നേടിയ സ്റ്റേ അതിനു തടസമായി. ഗവർണർ സ്വന്തം നിലയിൽ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്കെതിരെയാണ് സർക്കാർ സ്റ്റേ നേടിയത്. സ്റ്റേ നീക്കാതെ വി.സി നിയമനത്തിന് നടപടി തുടങ്ങാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്. ഇക്കാര്യം സുപ്രീം കോടതിയെയും അറിയിച്ചേക്കും.
യു.ജി.സി മാനദണ്ഡ പ്രകാരം വി.സി നിയമനം നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ഇതിനായി യു.ജി.സി പ്രതിനിധിയടങ്ങിയ സെർച്ച് കമ്മിറ്റി ഗവർണർക്ക് രൂപീകരിക്കാം. സെർച്ച് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർക്കാണ് വി.സിയെ നിയമിക്കാൻ അധികാരം. യു.ജി.സി, ചാൻസലർ, സിൻഡിക്കേറ്റ്/സെനറ്റ് പ്രതിനിധികളാണ് കമ്മിറ്റിയിലുണ്ടാവേണ്ടത്. നിയമനത്തിനായി സർവകലാശാലയുടെ പ്രതിനിധികളെ നൽകുന്നത് സർക്കാർ തടഞ്ഞിരിക്കുകയാണ്. സർവകലാശാല പ്രതിനിധികളില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ പ്രതിനിധിയില്ലാതെ സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റികളും നിലനിന്നില്ല. സർക്കാരും ഗവർണറുമായി സമവായമുണ്ടാക്കിയാലേ വി.സി നിയമനം സാദ്ധ്യമാവൂ.
വി.സിയില്ലാത്തത് 12
സർവകലാശാല
12 സർവകലാശാലകളിലാണ് സ്ഥിരം വി.സിയില്ലാത്തത്. ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് സ്ഥിരം വി.സിയും പ്രോ വൈസ്ചാൻസലറുമുള്ളത്. മറ്റിടങ്ങളിൽ പി.വി.സിയുമില്ല. വി.സിമാരില്ലാത്തതിനാൽ സ്ഥിരം അദ്ധ്യാപക നിയമനങ്ങൾ നടക്കുന്നില്ല. നാലു വർഷ കോഴ്സുകളിൽ പൂർണമായി കരാർ അദ്ധ്യാപകരാണ്. താത്കാലിക വി.സിമാർ പ്രധാന തീരുമാനങ്ങളെടുക്കുന്നില്ല. വികസന പദ്ധതികളും അക്കാഡമിക് നവീകരണവുമടക്കം സ്തംഭനത്തിലാണ്. ഗവർണർ നിയമിച്ച ഇൻ-ചാർജ് വി.സിമാരോട് സർക്കാർ സഹകരിക്കുന്നില്ല.
തുടരാൻ വിജ്ഞാപനം
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ താത്കാലിക വി.സിമാരായ ഡോ.സിസാതോമസ് (ഡിജിറ്റൽ) ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവർ തുടരാൻ ഗവർണർ വിഞ്ജാപനമിറക്കും. ആറുമാസ കാലാവധി ഇവർക്ക് ബാധകമാണ്. അതിനിടെ സ്ഥിരം വി.സി നിയമനം നടത്താനായില്ലെങ്കിൽ വീണ്ടും കാലാവധി നീട്ടുന്നതാണ് പരിഗണനയിൽ. നേരത്തേ രണ്ടിടത്തേക്കും വി.സി നിയമനത്തിന് സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |