ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ പൊരുതുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 204ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ദ്ധ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ (52*), വാഷിംഗ്ടണ്‍ സുന്ദര്‍ (19*) എന്നിവരാണ് ക്രീസില്‍. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മുന്‍നിരയില്‍ നിന്ന് കാര്യമായ പ്രകടനം വന്നില്ല.
ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (14), യശസ്വി ജയ്‌സ്‌വാള്‍ (രണ്ട്) എന്നിവരെ വളരെ പെട്ടെന്ന് നഷ്ടമായി. സായ് സുദര്‍ശന്‍ (38) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (21) അനാവശ്യ റണ്ണിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. രവീന്ദ്ര ജഡേജ (ഒമ്പത്) വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരല്‍ (19) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഒരവസരത്തില്‍ 123ന് അഞ്ച് എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ കരുണ്‍ നായര്‍ കരകയറ്റുകയായിരുന്നു.
98 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കരുണ്‍ നായര്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. ഇംഗ്ലണ്ടിന് വേണ്ടി ഗസ് അറ്റ്കിന്‍സന്‍, ജോഷ് ടംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മറ്റൊരു പേസര്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി. അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ആണ് മുന്നില്‍ (2-1). കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ അവസാന ടെസ്റ്റിനിറങ്ങിയത്. മഴ കാരണം 64 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |