തൃശൂർ: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൃശൂരിൽ നടക്കും. തൃശൂർ റീജിയണൽ തീയേറ്ററിൽ ഇന്നുരാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തും. 11ന് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യും. 1.45മുതൽ പ്രതിനിധി സമ്മേളനം.
രാവിലെ ഒമ്പതിന് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കോട്ടപ്പുറത്ത് എളമരം കരീം നിർവഹിക്കും. സി.ബി.സി വാര്യരുടെ പേരിലുള്ള കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സി.ഐ.ടി.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് നിർവഹിക്കും. റീജിയണൽ തീയേറ്ററിന് സമീപത്തെ ചരിത്രപ്രദർശനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. 295 പ്രതിനിധികളടക്കം 346പേർ സമ്മേളനത്തിൽ പങ്കെടുക്കും.
സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ്, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി ഷെമീർ മുഹമ്മദ്, ജില്ലാ സെക്രട്ടറി ബൈജു ആന്റണി, കെ.എസ്.സരിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വന്യമൃഗ ആക്രമണങ്ങൾ തടയണം:
സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ പാർട്ടി
ബത്തേരി: വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ ഊർജിതമായി നടപ്പിലാക്കണമെന്നും കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം കർഷകർക്ക് ഉടൻ നൽകണമെന്നും സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ പാർട്ടി വയനാട് ജില്ലാ കൺവെൻഷൻ. സപ്ത റിസോർട്ട് ഹോട്ടലിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. ജയറാം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പുഷ്പൻ ഉപ്പുങ്കൽ, ജില്ലാ സെക്രട്ടറി ടി.ബി. ബിജു തേക്കിങ്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. സഹദേവൻ, കെ.കെ. കേശവൻ, സുധീഷ് മടതിട്ടയിൽ എന്നിവർ പ്രസംഗിച്ചു.
പട്ടയഭൂമിയിലെ ക്രമവിരുദ്ധ
പ്രവർത്തനം: 18നകം
മറുപടി നൽകണം
കൊച്ചി: ഭൂപതിവ് നിയമപ്രകാരം പതിച്ചുകൊടുത്ത ഭൂമിയിൽ വ്യവസ്ഥ മറികടന്നുള്ള പ്രവർത്തനങ്ങൾ തടയാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സർക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി. വിഷയത്തിൽ കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആഗസ്റ്റ് 18നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. ഇനിയൊരു അവസരം അനുവദിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വ്യവസ്ഥ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അംഗീകരിക്കുമ്പോഴും നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. മറുപടി നൽകാൻ സർക്കാർ നിരന്തരം സമയം നീട്ടി ചോദിക്കുന്ന സാഹചര്യത്തിലാണ് കർശന നിർദ്ദേശം. ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.
ഇതിനായി നിയമം കൊണ്ടുവരുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യമടക്കം വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നില്ല. തൃശ്ശൂർ മണ്ണുത്തിയിലെ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: കേരളസർവകലാശാല പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗത്തിലെ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റിന്റെ ഒരൊഴിവുണ്ട്. spi@keralauniversity.ac.in ഇ-മെയിലിൽ അഞ്ചിനകം അപേക്ഷിക്കണം. വെബ്സൈറ്റ്- https://www.keralauniversity.ac.in/jobs
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |