ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 204/6
അർദ്ധസെഞ്ച്വറി നേടി കരുൺ നായർ,കളി ഇടയ്ക്കിടെ തടസപ്പെടുത്തി മഴ
ഓവൽ : ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയെങ്കിലും ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 204/6 എന്ന നിലയിലെത്തി. യശസ്വി ജയ്സ്വാൾ (2), കെ.എൽ രാഹുൽ(14),ശുഭ്മാൻ ഗിൽ(21), സായ് സുദർശൻ (38),രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറേൽ (19) എന്നിവരെ നഷ്ടമായ ഇന്ത്യയെ അർദ്ധസെഞ്ച്വറി നേടി പുറത്താകാതെനിൽക്കുന്ന മലയാളി താരം കരുൺ നായരും(52*) 19 റൺസുമായി ക്രീസിലുള്ള വാഷിംഗ്ടൺ സുന്ദറുമാണ് 200 കടത്തിയത്. ഇന്നലെ 64 ഓവറുകൾ മാത്രമാണ് കളി നടന്നത്.
മഴ മൂലം തുടങ്ങാൻ വൈകിയ മത്സരത്തിൽ തുടക്കത്തിലേ ഇന്ത്യയ്ക്ക് യശസ്വിയെ നഷ്‌ടമായി. ഈ ടെസ്റ്റിൽ പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ച ഗസ് അറ്റ്‌കിൻസൺ തന്റെ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ യശ്വസിക്ക് മടക്കടിക്കറ്റ് നൽകുകയായിരുന്നു. എൽ.ബിയിൽ കുരുങ്ങിയാണ് യശസ്വി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ സായ് സുദർശൻ ഒരറ്റത്ത് കാലുറപ്പിച്ച് ബാറ്റുവീശിയെങ്കിലും അധികം വൈകാതെ കെ.എൽ രാഹുലിന് മടങ്ങേണ്ടിവന്നു.16-ാം ഓവറിൽ ക്രിസ് വോക്സിന്റെ പന്തിൽ രാഹുൽ ബൗൾഡാവുകയായിരുന്നു. തുടർന്നെത്തിയ നായകൻ ശുഭ്മാൻ ഗിൽ ടീം സ്കോർ 83ൽ വച്ച് റൺ ഔട്ടാവുകയായിരുന്നു. തുടർന്നാണ് കരുണും സായ്‌യും ക്രീസിൽ ഒരുമിച്ചത്.ടീം സ്കോർ 101ൽവച്ച് സായ്‌യെ ടംഗ് കീപ്പറുടെ കയ്യിലെത്തിച്ചു. പകരമിറങ്ങിയ ജഡേജയേയും ടംഗ് സമാനരീതിയിൽ പുറത്താക്കി. നല്ല ഷോട്ടുകൾ കളിച്ചുവന്ന ജുറേലിനെ അറ്റ്കിൻസൺ ബ്രൂക്കിന്റെ കയ്യിലെത്തിച്ചതോടെ ഇന്ത്യ 153/6 എന്ന നിലയിലായി. തുടർന്ന് കരുണും സുന്ദറും ചേർന്ന് അപരാജിത അർദ്ധസെഞ്ച്വറി കൂട്ടുകട്ട് സൃഷ്ടിച്ചു.
98 പന്തുകൾ നേരിട്ട കരുൺ നായർ 7 ബൗണ്ടറികൾ പായിച്ചു
51 റൺസിന്റെ കൂട്ടുകെട്ടാണ് കരുണും സുന്ദറും സൃഷ്ടിച്ചത്.
ഈ പരമ്പരയിൽ നാലുമത്സരങ്ങളിൽ അവസരം ലഭിച്ച കരുണിന്റെ ആദ്യ അർദ്ധസെഞ്ച്വറിയാണിത്.
ഒൻപത് വർഷത്തിന് ശേഷമാണ് കരുൺ ഇന്ത്യൻ കുപ്പായത്തിൽ ഒരിന്നിംഗ്സിൽ 50 റൺസിലേറെ നേടുന്നത്.
അഞ്ചാം ടോസും കിട്ടിയില്ല
ഇംഗ്ളണ്ടിനെതിരായ അഞ്ചുമത്സരപരമ്പരയിൽ ഒന്നിൽപോലും ടോസ് നേടാൻ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന് കഴിഞ്ഞില്ല. അന്താരാഷ്ട്ര ടെസ്റ്റ് ചരിത്രത്തിൽ ഇത് 14-ാം തവണയാണ് ഒരു പരമ്പരയിലെ അഞ്ചുമത്സരങ്ങളിലും ഒരേ ടീമിന് ടോസ് നഷ്‌ടമാകുന്നത്.
വിവിധ ഫോർമാറ്റുകളിലായി ഇന്ത്യൻ ടീമിന് തുടർച്ചയായ 15-ാം മത്സരത്തിലാണ് ടോസ് ലഭിക്കാതിരിക്കുന്നത്.
അഞ്ചിലും വ്യത്യസ്ത ഇലവൻ, എന്നിട്ടും
അവസരം കിട്ടാതെ മൂന്നുപേർ
ഈ പരമ്പരയിലെ അഞ്ചുമത്സരങ്ങളിലും ഇന്ത്യ വിന്യസിച്ചത് വ്യത്യസ്ത പ്ളേയിംഗ് ഇലവനുകളെയാണ്. എന്നിട്ടും സ്ക്വാഡിലുണ്ടായിരുന്ന മൂന്ന് താരങ്ങൾക്ക് ഒരു മത്സരത്തിൽ പോലും കളിക്കാൻ ഇറങ്ങാൻ അവസരം നൽകിയില്ല. സീനിയർ സ്പിന്നർ കുൽദീപ് യാദവ്, ബാറ്റർ അഭിമന്യു ഈശ്വരൻ, പേസർ അർഷ്ദീപ് സിംഗ് എന്നിവർക്കാണ് ഈ ദുര്യോഗം. അർഷ്ദീപും അഭിമന്യുവും അരങ്ങേറ്റം കാത്തിരിക്കുന്നവരാണ്. കഴിഞ്ഞടെസ്റ്റിൽ അർഷ്ദീപിനെ കളിപ്പിക്കാനിരുന്നതാണ്. അപ്പോഴാണ് ഫീൽഡിംഗ് പരിശീലനത്തിനിടെ ബൗളിംഗ് കയ്യിൽ മുറിവേറ്റത്. കുൽദീപിനെ ഉൾപ്പെടുത്തണമെന്ന് പല മുൻതാരങ്ങളും അഭിപ്രായപ്പെട്ടെങ്കിലും സ്പിൻ ആൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയേയും വാഷിംഗ്ടൺ സുന്ദറിനേയും ഉപയോഗിക്കാനായിരുന്നു ഗംഭീറിന്റേയും ഗില്ലിന്റേയും തീരുമാനം.
നാലുമാറ്റങ്ങളുമായി ഇന്ത്യ
മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ കളിച്ച ടീമിൽ നാലുമാറ്റങ്ങളുമായാണ് ഇന്ത്യ ഓവലിൽ അഞ്ചാം ടെസ്റ്റിനിറങ്ങിയത്. പേസർ ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, കഴിഞ്ഞടെസ്റ്റിൽ അരങ്ങേറിയ അൻഷുൽ കാംബോജ്,ശാർദൂൽ താക്കൂർ എന്നിവരെ ഒഴിവാക്കി ആകാശ്ദീപ് ,പ്രസിദ്ധ് കൃഷ്ണ,ധ്രുവ് ജുറേൽ,കരുൺ നായർ എന്നിവരെ ഉൾപ്പെടുത്തി.
ബെൻ സ്റ്റോക്സിന് പകരം ഒല്ലീ പോപ്പാണ് ഇംഗ്ളണ്ടിനെ നയിച്ചത്. പേസർ ഗസ് അറ്റ്കിൻസണിന് ആർച്ചർക്ക് പകരം അവസരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |