ന്യൂഡൽഹി: മോദി സർക്കാരിനെ ഇടയ്ക്കിടെ പുകഴ്ത്തി ശശി തരൂർ കോൺഗ്രസിനെ വെട്ടിലാക്കുന്നത് കേന്ദ്രം ഉന്നത പദവി വാഗ്ദാനം ചെയ്തതിന്റെ ബലത്തിലാണെന്ന അഭ്യൂഹം ശക്തം. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്യാബിനറ്റ് റാങ്കുള്ള ഓണററി പദവിയെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ പറയുന്നത്.
യു.എന്നിൽ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ വീണ്ടും ഒരു അന്താരാഷ്ട്ര ഏജൻസിയുടെ തലപ്പത്തെത്തുന്നതും ആഗ്രഹിക്കുന്നുണ്ട്. സെപ്തംബറിൽ ഒഴിവുവരുന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ചെയർമാൻ പോലൊരു നിയമനത്തിന് തരൂരിനുവേണ്ടി ലോകരാഷ്ട്രങ്ങളുടെ പിന്തുണയ്ക്ക് ശ്രമിക്കാമെന്നും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെന്ന് അറിയുന്നു.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ പദവിയിലേക്ക് തരൂർ 2006ൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2026ൽ കാലാവധി കഴിയുന്ന ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ പിൻഗാമി യു.എൻ ധാരണ പ്രകാരം ലാറ്റിൻ അമേരിക്കയിൽ നിന്നാകും. അതു കഴിഞ്ഞ് ആഫ്രിക്കൻ പ്രാതിനിദ്ധ്യമാണ്. ഏഷ്യയ്ക്ക് 2045ൽ മാത്രമാണ് അവസരം.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാടുകൾ വിശദീകരിക്കാൻ ശശി തരൂർ നയിക്കുന്ന സർവകക്ഷി സംഘം ശനിയാഴ്ച ഗയാന തലസ്ഥാനമായ ജോർജ് ടൗണിലേക്ക് പോകും. സംഘാംഗങ്ങൾക്ക് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ബ്രീഫിംഗ് നൽകും. ജോർജ്ജ് ടൗണിൽ നിന്ന് പനാമ, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും പോകും. ബിഗ് മെമ്മോറിയൽ ദിനാഘോഷം പ്രമാണിച്ച് ജൂൺ രണ്ടു വരെ യു.എസ് കോൺഗ്രസിന് അവധിയായതിനാൽ ആണ് യു.എസ് യാത്ര മാറ്രിയത്.
കോൺഗ്രസ് നൽകിയ പേരുകൾ വെട്ടിയാണ് കേന്ദ്രം തരൂരിനെ സംഘത്തലവനാക്കിയത്. കോൺഗ്രസിന് ഗത്യന്തരമില്ലാതെ ഇത് അംഗീകരിക്കേണ്ടി വന്നു. ഉടക്കിട്ടാൽ രാജ്യവിരുദ്ധരെന്ന് ബി.ജെ.പി വ്യാഖ്യാനിക്കും. കേന്ദ്രസർക്കാർ ക്ഷണം കോൺഗ്രസിനെ മറികടന്ന് തരൂർ സ്വീകരിച്ചത് ഭാവി മുന്നിൽക്കണ്ടാണ്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും രാഷ്ട്രീയത്തിന് ഉപരിയായുള്ള പദവി നോട്ടമിട്ടാണ്.
2006ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിർബന്ധിച്ചിട്ടാണ് യു.എൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിച്ചതെന്ന് തരൂർ വെളിപ്പെടുത്തിയിരുന്നു. തോറ്റതിന് പിന്നാലെയാണ് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയത്.
ചാടിപ്പോകുമെന്ന് എതിരാളികൾ
തരൂർ ഈ നിലപാട് തുടർന്നാൽ 2026ൽ തിരിച്ചടിയാകുമെന്ന് കേരളത്തിലെ തരൂർ വിരുദ്ധ ലോബി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവരെപ്പോലെ ബി.ജെ.പി ക്യാമ്പിലേക്ക് പോകാനിടയുണ്ടെന്നും അതിനുമുൻപ് പാർട്ടയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.
ബി.ജെ.പിയിലേക്കില്ല; പദവി സ്വീകരിക്കും
ബി.ജെ.പിയിലേക്കില്ലെന്നും എന്നാൽ രാജ്യസേവനത്തിനായുള്ള ഏതു പദവിയും സ്വീകരിക്കുമെന്നും തരൂർ ഇന്നലെ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യസേവനത്തിനാണ് രാഷ്ട്രീയത്തിൽ വന്നത്. തന്റെ കഴിവ് അതിനായി സർക്കാരിന് ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |