ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് അഞ്ച് പേർ മരിച്ചു. കുളുവിൽ രണ്ടും കാൻഗ്രയിൽ മൂന്നും പേരാണ് മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തു. മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിൽ 15ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി. കൂടാതെ പല റോഡുകൾക്കും കേടുപാടുകളുണ്ടായി. അതേസമയം,വിവിധയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി എൻ.ഡി.ആർ.എഫ് സംഘടത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അറിയിച്ചു.
ചൊവാഴ്ച വൈകിട്ട് ആരംഭിച്ച മഴയിൽ കാൻഗ്രയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ 20 ഓളം പേർ ഒഴുക്കിൽപ്പെട്ടു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബർ കോളനിയിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ആറ് പേരെ കാണാതായി മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിൽ തെരച്ചിൽ ദുഷ്കരമായി തുടരുകയാണ്.
മഴ കാരണം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയായിരുന്നു. തൊഴിലാളികൾ താത്കാലിക ഷെൽട്ടറുകളിൽ വിശ്രമിക്കുമ്പോഴാണ് മണൂനി ഖാദിൽ നിന്നും സമീപത്തെ ഓടകളിലും വെള്ളം നിറഞ്ഞത് ലേബർ കോളനിയിലേക്കെത്തുകയും തൊഴിലാളികൾ ഒഴുക്കിൽപ്പെടുകയും ചെയ്തത്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആർ.എഫ്), പ്രാദേശിക ഭരണകൂടം,റവന്യു വകുപ്പ് സംഘങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കുളുവിലെ മണാലി,ബഞ്ചാർ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. തെരച്ചിൽ തുടരുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഢ് ദേശീയപാത ഭാഗികമായി തകർന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |