ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 -50 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള യു,എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തെ ഉത്പാദന, വിപണന മേഖലയെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര നയമാണ് അമേരിക്കയെ ഉയർന്ന ഇറക്കുമതി തീരുവ ചുമത്താൻ പ്രേരിപ്പിച്ചത്.വസ്ത്രങ്ങൾ, വിലകൂടിയ ആഭരണങ്ങൾ, ലെതർ ഉത്പന്നങ്ങൾ, ഓട്ടോമൊബൈൽ പാർട്സ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടിപരിപ്പ്, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും. ഉയർന്ന തീരുവ നൽകി അമേരിക്കയിലെത്തുന്ന ഇന്ത്യൻ ഉത്പന്നങ്ങൾ കൂടിയ വിലക്കുവാങ്ങാൻ ഉപഭോക്താക്കൾ മടിക്കും. ഉദാഹരണത്തിന് നൂറു രൂപയുടെ ഒരു ഉത്പന്നം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്താൽ ഈ തീരുവ കൂടി ചേർത്ത് 160 രൂപയാകും. തീരുവ സർക്കാരിനുപോകും.വ്യാപാരി പത്തു രൂപ കൂടി കൂട്ടി വിറ്റാൽ 170 രൂപയാകും. ഈ വിലയ്ക്ക് വാങ്ങാൻ ഉപഭോക്താവ് തയാറാവുകയില്ല. സാധനം വാങ്ങാൻ വ്യാപാരിയും മടിക്കും. എന്നാൽ ഇന്ത്യയുമായി ആഗോള വ്യാപാര മത്സരത്തിലുള്ള രാജ്യങ്ങൾ കുറഞ്ഞ ഇറക്കുമതി തീരുവയിൽ ഉത്പന്നങ്ങൾ അമേരിക്കയിലെത്തിക്കുന്നതോടെ കുറഞ്ഞ വിലക്ക് അവ ഉപഭോക്താക്കൾക്ക് ലഭിക്കും. ഉദാഹരണമായി വിയറ്റ്നാം, കൊറിയ, ഇൻഡോനേഷ്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിലേക്കുള്ള ഇറക്കുമതി തീരുവ യഥാക്രമം 20, 15 , 19 ശതമാനം വീതമാണ്. മുമ്പ് പ്രഖ്യാപിച്ച പത്ത് ശതമാനമടക്കം ഇനി മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മൊത്തം ഇറക്കുമതി തീരുവ 35/60 ശതമാനമാകും.(ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് ട്രംപ് പത്ത് ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തിയിരുന്നു).
ഇന്ത്യ കാർഷിക, ക്ഷീര മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ വ്യാപാരക്കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.അടുത്തകാലത്താണ് ഇന്ത്യയിൽ നിന്ന് പാലും പാലുത്പന്നങ്ങളും അമേരിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചത്. കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ആഗോളക്ഷീര മേഖലയിൽ മുന്നിലാണ്. ഇന്ത്യ യു.കെ യുമായി ചേർന്ന് നടപ്പിലാക്കുന്ന ഇന്ത്യ യു.കെ സമഗ്ര സാമ്പത്തിക വ്യാപാരക്കരാറിൽ രാജ്യത്തിന് ഗുണകരമായ നിരവധി നിർദ്ദേശങ്ങളുണ്ട്. ഇതും ട്രംപിനെ അധിക ഇറക്കുമതി തീരുവ ചുമത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. കരാറിലെ നിർദ്ദേശങ്ങൾ വ്യവസായ, അഗ്രി ബിസിനസ്, കയറ്റുമതി, തൊഴിൽ മേഖലയ്ക്ക് കരുത്തേകും. 60,000 അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭിക്കും. യു.കെയിലേക്കുള്ള കയറ്റുമതി തീരുവ കുറയ്ക്കുന്നത് ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിക്കും.
കയറ്റുമതിയിലെ കുറവ് നികത്താനും വ്യാപാരക്കമ്മി കുറയ്ക്കാനും ഇന്ത്യയ്ക്ക് യൂറോപ്യൻ യൂണിയനെ കൂടുതലായി ആശ്രയിക്കേണ്ടി വരും. ആസിയാൻ കരാറിന്റെ സാദ്ധ്യതകൾ വിലയിരുത്തി ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര വിനിമയം ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. ലോക വ്യാപാര കരാർ നിഷ്‌കർഷിക്കുന്നതനുസരിച്ച് അംഗരാജ്യങ്ങൾക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ഇറക്കുമതി അംഗീകരിക്കാനും അവസരങ്ങളുണ്ട്. സൗഹൃദ ചർച്ചയിലൂടെ അമേരിക്കയുമായുള്ള സുസ്ഥിര വ്യാപാര നയങ്ങൾ രൂപപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുമെങ്കിലും റഷ്യയിലേക്ക് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതും വിദേശകാര്യമന്ത്രി ജയശങ്കർ ഉടൻ പോകാനിരിക്കുന്നതും ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനാ സന്ദർശനം പ്രഖ്യാപിച്ചതും ട്രംപിന്റെ എടുത്തുചാട്ടത്തിനുള്ള മറുപടി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |