ന്യൂഡൽഹി: പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളിൽ ഏർപ്പെടുന്നതും അതു നടത്താൻ സഹായിക്കുന്നതും പരസ്യങ്ങൾ നൽകുന്നതും കുറ്റകരമാക്കുന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആന്റ് റെഗുലേഷൻ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. ബിൽ ഇന്ന് രാജ്യസഭയിൽ ഇന്ന് അവതരിപ്പിക്കും. മൂന്നുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. കളിക്കാർ, സിനിമാ താരങ്ങൾ അടക്കം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവർ വഴി ഓൺലൈൻ മണി ഗെയിമുകളുടെ പരസ്യങ്ങൾ നൽകുന്നതിനും വിലക്ക് വരും.
ഓൺലൈൻ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആവർത്തിച്ചാൽ അഞ്ചു വർഷം വരെ തടവും രണ്ടു കോടി വരെ പിഴയും.
പരസ്യം നൽകുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ. ആവർത്തിച്ചാൽ തടവ് മൂന്നു വർഷവും പിഴ ഒരു കോടി രൂപയുമായും കൂടും.
പണമിടപാടുകൾക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം.
ഇത്തരം ഗെയിമുകൾ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയ്‌ക്ക് വഴിതെളിക്കുന്നതും ഭീകര പ്രവർത്തനങ്ങൾക്കുള്ള ധനസഹായം അടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുള്ളതും കണക്കിലെടുത്താണ് ബിൽ.
ഇവ യുവാക്കൾക്കിടയിൽ ആസക്തി, ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്.
പ്രതിപക്ഷംകള്ളവോട്ടിന്റെ പേരിലുള്ള പ്രതിഷേധം തുടരവേ,ഇന്നലെ രാവിലെ അവതരിപ്പിച്ച ബിൽ ചർച്ചയില്ലാതെ വൈകിട്ട് പാസാക്കി.
ഇ-സ്‌പോർട്സ് ഉൾപ്പെടില്ല
പണം ഇറക്കി പണം ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കളികളെയാണ് ഓൺലൈൻ ഗെയിമായി കണക്കാക്കുക. ഇ-സ്പോർട്സ് ഇതിൽ ഉൾപ്പെടില്ല. കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് വഴിയുള്ള ഓൺലൈൻ മണി ഗെയിമുകളിൽ പങ്കെടുക്കുന്നതും അവയ്‌ക്ക് സൗകര്യമൊരുക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അവയുടെ പരസ്യം നൽകുന്നതും നിരോധിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിദേശത്തു നിന്ന് നിയന്ത്രിക്കുന്ന ആപ്പുകൾ വഴിയുള്ള ഗെയിമുകളും ബില്ലിന്റെ പരിധിയിൽ.
ഇ-സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ഗെയിമിംഗ് മേഖലയുടെ നയപരമായ പിന്തുണ, തന്ത്രപരമായ വികസനം, നിയന്ത്രണ മേൽനോട്ടം എന്നിവയ്ക്കായി അതോറിറ്റിയെ നിയമിക്കും. വിനോദവും കഴിവും ലക്ഷ്യമിടുന്ന ഓൺലൈൻ സർവീസ് ഗെയിമുകൾ അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യണം.
ക്രിക്കറ്റിന് തിരിച്ചടി
ഇന്ത്യൻ ക്രിക്കറ്റ് ടീം സ്‌പോൺസർ ഡ്രീംഓൺലൈൻ മണി ഗെയിം കമ്പനിയാണ്. ഐ.പി.എൽ ടൂർണമെന്റിന്റെ സ്‌പോൺസർമാരായ ആയ മൈ 11 സർക്കിൾ കമ്പനിയും ഇതേ ബിസിനസാണ് നടത്തുന്നത്. ബിൽ നിയമമായാൽ സ്‌പോൺസർഷിപ്പ് പ്രശ്‌നമാകാനിടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |