യുദ്ധം അവസാനിക്കുന്നു; യുഎസിന്റെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ,​ പന്ത് ട്രംപിന്റെ കോർട്ടിൽ

Sunday 10 May 2026 9:29 PM IST

ടെ‌ഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് മുന്നോട്ടു വച്ച ധാരണാപത്രത്തിലെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ. ഒറ്റപ്പേജുള്ള ധാരണാപത്രത്തിലെ 14 ഇന നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം പാകിസ്ഥാൻ വഴിയാണ് ഇറാൻ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയാണ് ഇറാന്റെ മറുപടിയെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധാരണാ പത്രത്തിൽ ഇറാൻ ഒപ്പിടാൻ തയ്യാറായാൽ യുദ്ധം ഉടൻ അവസാനിക്കും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാകും കരാറിൽ മുൻഗണന നൽകുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നത് എങ്ങനെ,​ കരാർ എങ്ങനെ നടപ്പാക്കും,​ യുദ്ധം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നി‌ർദ്ദേശങ്ങളിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളിൽ തീരുമാനമായാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിലും വ്യക്തത വരും. കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നതിൽ ഇറാൻ ഉറച്ചു നിൽക്കുന്നതായാണ് സൂചന. അതേസമയം ഇറാൻ നൽകിയ മറുപടിയിലെ കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.