ശബരിമല: തടസം തീരുമാനിക്കേണ്ടത് ഭക്തരെന്ന് സുപ്രീംകോടതി

Wednesday 13 May 2026 12:25 AM IST

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിനു ആർത്തവം തടസമാണോ,​ അല്ലയോ എന്നത് ഭക്തന്റെ കാഴ്ചപ്പാടിലൂടെയാണ് നോക്കി കാണേണ്ടതെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന. യുവതീപ്രവേശനമടക്കം വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കുകയായിരുന്നു 9 അംഗ ഭരണഘടനാബെഞ്ച്.

യുവതീപ്രവേശന വിലക്കിനെ അയ്യപ്പ ഭക്തൻ കാണുക പാരമ്പര്യമായിട്ടായിരിക്കുമെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജിയായ നാഗരത്ന വ്യക്തമാക്കി. യുവതീപ്രവേശനത്തെ അനുകൂലിച്ച് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വാദിച്ചപ്പോഴാണ് പ്രതികരണം. വിലക്കിന്റെ അടിസ്ഥാനം ആർത്തവമാണെന്നും സാമൂഹിക പരിഷ്‌കരണം വേണമോയെന്നത് കോടതി പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ മതസ്വാതന്ത്ര്യം ലംഘിക്കാൻ കഴിയില്ലെന്നും നാഗരത്ന ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതി‌ർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌തയുടെ വാദങ്ങളോട് അനുകൂലിക്കുകയായിരുന്നു.