5 ചെറു ആണവ റിയാക്ടർ 2033ൽ

Thursday 14 May 2026 12:44 AM IST

കൊച്ചി: ചെറുകിട ആണവ റിയാക്ടറുകൾ കൂടുതൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം കൂട്ടാൻ ഇന്ത്യ. 300 മെഗാവാട്ടിൽ താഴെ ഉത്പാദനശേഷിയുള്ള 5 റിയാക്ടറുകൾ 2033ൽ നിലവിൽ വരും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കം.

സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിൽ (2047)​ ആണവ വൈദ്യുതി ഉത്പാദനം 100 ജിഗാവാട്ടിൽ എത്തിക്കുകയാണ് ലക്ഷ്യം. 20 ആണവ പ്ലാന്റുകളിലായി ഇപ്പോൾ 8.8 ജിഗാവാട്ട് ഉത്പാദനം മാത്രമേയുള്ളൂ. രാജ്യത്ത് വാർഷിക വൈദ്യുതി ഉപഭോഗം 256 ജിഗാവാട്ടാണ്. 5 ജിഗാവാട്ടിന്റെ കുറവുണ്ട്. 2030ൽ ഡിമാന്റ് 350 ജിഗാവാട്ടിലെത്തും.

സ്മോൾ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ ആഭ്യന്തരമായി നിർമ്മിക്കും. ആദ്യത്തെ മൂന്ന് പ്ലാന്റുകൾ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററും ന്യൂക്ലിയർ പവർ കോർപ്പറേഷനും ചേർന്ന് സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കും. ഇതിൽ 220, 55 മെഗാവാട്ടിന്റെ രണ്ട് റിയാക്ടറുകൾ മഹാരാഷ്ട്രയിലെ താരാപൂർ ആണവ നിലയത്തിന്റെ ഭാഗമാകും. 5 മെഗാവാട്ടിന്റെ ഒരു നിലയം ആന്ധ്രയിലെ വിശാഖപട്ടണത്തും വരും. 2031ൽ കമ്മിഷൻ ചെയ്യും.

ആഗോള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അരനൂറ്റാണ്ടിന് ശേഷമാണ് ആണവോർജ വികസന പദ്ധതികളുടെ രണ്ടാം ഘട്ടം ഇന്ത്യ നടപ്പാക്കുന്നത്. തോറിയം ഉപയോഗിച്ചുള്ള മൂന്നാം ഘട്ടം 2070ലാണ് പൂർണസജ്ജമാവുക.

ചെറു റിയാക്ടറുകൾ ചെലവുകുറഞ്ഞതും സുരക്ഷിതവുമാണ്. കാർബൺ ബഹിർഗമനമില്ലാത്ത ശുദ്ധ ഊർജോത്പാദനമാണിത്. കുറഞ്ഞ സ്ഥലപരിധിയിൽ സ്ഥാപിക്കാം. നിലയങ്ങളിൽ നിന്നുള്ള സുരക്ഷിത ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് അരക്കിലോമീറ്ററായി കുറയ്‌ക്കാനും ആലോചനയുണ്ട്.

തകരാറുണ്ടായാൽ സ്വയം

തണുപ്പിച്ച് ഷട്ട്ഡൗൺ

 നിയന്ത്രിത ചെയിൻ റിയാക്‌ഷനിലൂടെ അണു വിഘടനം നടത്തി താപം ഉത്പാദിപ്പിക്കുന്നു

 പ്ലാന്റിലെ വെള്ളം തിളച്ച് പുറംതള്ളുന്ന നീരാവിയാൽ ടർബൈനുകൾ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു ഇന്ധനം ചെറിയ അളവിലായതിനാൽ വലിയ അപകടങ്ങൾ ഒഴിവാകും. തകരാറുണ്ടായാൽ സ്വയം തണുപ്പിച്ച് ഷട്ട്ഡൗണാകും.

പദ്ധതിച്ചെലവ്

 2031 വരെ: 5960 കോടി രൂപ

 2047വരെ: 20,000 കോടി രൂപ