പൊതുഗതാഗത വാഹനങ്ങളിൽ ട്രാക്കിംഗ് സംവിധാനം വേണം  സുരക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ മാർഗരേഖ

Thursday 14 May 2026 12:08 AM IST

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്‌ക്ക് പൊതുഗതാഗത വാഹനങ്ങളിൽ ട്രാക്കിംഗ് സംവിധാനവും പാനിക് ബട്ടണും ഘടിപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതുസംബന്ധിച്ച മാർഗരേഖ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കി.

പൊതുഗതാഗത ബസുകൾ, ടാക്‌സികൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയിൽ യാത്ര സുരക്ഷിതമാക്കാനാണ് നടപടി. റോഡപകടം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹ‌ർജി പരിഗണിച്ചാണിത്. ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ ഒരു ശതമാനത്തിൽ താഴെയേ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനമുള്ളൂ. ഇക്കാര്യത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. സ്‌പീഡ് ഗവ‌ർണർ സ്ഥാപിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. അക്കാര്യങ്ങൾ നടപ്പാക്കി സംസ്ഥാന സർക്കാരുകൾ റിപ്പോ‌ർട്ട് സമ‌ർപ്പിക്കണം. ലൈൻ ഡ്രൈവിംഗ് ആശയം രാജ്യത്ത് കാര്യക്ഷമമല്ല. അതിനാലാണ് അപകടങ്ങൾ കൂടുന്നതെന്നും കോടതി നിരീക്ഷിച്ചു.

റോഡ് സുരക്ഷാ ബോർ‌ഡ് മൂന്ന് മാസത്തിനകം വേണം

1. ലൊക്കേഷൻ ട്രാക്കിംഗും, പാനിക് ബട്ടണുമില്ലാത്ത ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുത്

2. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെയടക്കം സുരക്ഷയ്‌ക്ക് സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് കാര്യക്ഷമമാക്കണം

3. ഇതിനായി വാഹൻ ആപ്പും ഉപയോഗിക്കണം

4. റോഡ് സുരക്ഷാ ബോർ‌ഡ് മൂന്ന് മാസത്തിനകം നടപ്പാക്കണം.