കർണാടക ഹൈക്കോടതി നിരീക്ഷണം, ' മാനഭംഗ കേസുകൾ തടയാൻ പ്രതിയുടെ കൈകാലുകൾ വെട്ടണം'

Wednesday 03 June 2026 12:40 AM IST

ബംഗളൂരു: കർശന നടപടികളെടുക്കാത്തതുകൊണ്ടാണ് രാജ്യത്ത് ബലാത്സംഗം അടക്കമുള്ള കുറ്രകൃത്യങ്ങൾ വർദ്ധിക്കുന്നതെന്ന് കർണാടക ഹൈക്കോടതി. ചില പശ്ചിമേഷ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്നതുപോലെയുള്ള ശിക്ഷാരീതികൾ വേണമെന്നും പ്രതികളുടെ കൈയും കാലും വെട്ടുന്നതടക്കം നടപ്പാക്കിയാലേ കുറ്റങ്ങൾ കുറയുകയുള്ളു എന്നും ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി.

സഹപാഠിയെ മാനഭംഗം ചെയ്ത കേസിൽ 23കാരനായ എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു നിരീക്ഷണം.

ജനാധിപത്യ രാജ്യത്ത് ആളുകൾ അവകാശങ്ങൾ മുതലെടുക്കുന്നു. നിയമങ്ങളെ നിസാരമായി കാണുന്നു. ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ളതുപോലെ കർശനമായ ശിക്ഷകൾ വേണം. പ്രതികളുടെ കൈയോ കാലോ വെട്ടിമാറ്റിയാൽ, അപ്പോൾ മാത്രമേ നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് മനസിലാകൂ. ക്രിമിനൽ നിയമങ്ങൾക്ക് 'പല്ലുകൾ നഷ്ടപ്പെട്ടതായി" തോന്നുന്നു. കഠിനമായ ശിക്ഷകൾ പലപ്പോഴും ആളുകളെ നിയമത്തെ ബഹുമാനിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യുംമുമ്പ് രണ്ടുതവണ ചിന്തിക്കാനും നിർബന്ധിതരാക്കും- കോടതി നിരീക്ഷിച്ചു.

2023ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും പരാതിക്കാരിയും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളായിരുന്നു. യുവതിയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തി. ഇയാളുടെ സ്വഭാവത്തെ കുറിച്ച് സംശയമുയർന്നതോടെ യുവതി ബന്ധം തുടർന്നില്ല. ഇക്കാര്യം സംസാരിക്കാനെന്ന പേരിൽ 2023 സെപ്തംബർ 12 ന് പ്രതി യുവതിയെ അപ്പാർട്ട്‌മെന്റിലേക്ക് ക്ഷണിച്ചുവെന്നും അവിടെവച്ച് മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതി. താൻ കടുത്ത വിഷാദത്തിലായെന്നും ചികിത്സ തേടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീട് ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ദേശീയ വനിതാ കമ്മിഷനെയും സമീപിച്ചു. എന്നാൽ കഴിഞ്ഞ ഏപ്രിൽ അഞ്ച് മുതൽ ജയിലിൽ കഴിഞ്ഞെന്നും മൂന്ന് വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് ആരോപണങ്ങളെന്നും കാട്ടിയാണ് പ്രതിഭാഗം ജാമ്യത്തിന് ശ്രമിച്ചത്. പ്രതി കുറച്ചുദിവസം കൂടി കസ്റ്റഡിയിൽ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. കേസ് എട്ടിന് വീണ്ടും പരിഗണിക്കും.