നേപ്പാൾ സർക്കരിനെതിരെ തെരുവിലിറങ്ങി വിദ്യാർത്ഥി സംഘടന

Wednesday 03 June 2026 12:57 AM IST

കാഠ്മണ്ഡു: രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പാർലമെന്റിൽ നടത്തിയ വിവാദ പ്രസ്താവന. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നായിരുന്നു പരാമർശം. ഇതോടെ ബാലേന്ദ്ര ഷായുടെ പ്രസ്താവന നിരുത്തരവാദപരവും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് ആരോപിച്ച് നേപ്പാളിലെ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും തെരുവിലിറങ്ങി. ഭിന്നിച്ചുനിന്നിരുന്ന പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ബാലേന്ദ്ര ഷായുടെ രാജിയും ആവശ്യപ്പെട്ടു.

കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡലയിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ 'പരമാധികാരം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തുകയും ബാലൻ ഷായുടേത് 'രാജ്യവിരുദ്ധ' പ്രസ്താവനയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഔദ്യോഗികമായ അതിർത്തി വിട്ടുകൊടുക്കലിനെയല്ല, മറിച്ച് ദാസ്ഗജ പ്രദേശത്തെ പ്രാദേശികമായ കൈയേറ്റങ്ങളെയും പ്രകൃതിദത്തമായ കാരണങ്ങളാൽ (പുഴകൾ വഴിമാറി ഒഴുകുന്നത്) അതിർത്തിയിലുണ്ടാകുന്ന മാറ്റങ്ങളെയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ബാലേന്ദ്ര ഷായുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രഗത്തെത്തി. അതിർത്തി തർക്കങ്ങളിൽ ഒരു മൂന്നാം കക്ഷിക്കും സ്ഥാനമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.