ന്യൂഡൽഹി: ചില കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് സി.ബി.ഐ, ഇ.ഡി കേസുകളും മൂലമുള്ള ഭീഷണികളും സമ്മർദ്ദവും കാരണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും പഞ്ചാബിലെ ഹോഷിയാർപൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം) ഉള്ളിടത്തോളം കോൺഗ്രസിന് വീണ്ടും അധികാരത്തിൽ വരാൻ കഴിയില്ലെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ട്. ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയന്ത്രിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. പത്രങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും ജുഡിഷ്യറിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും സമ്മർദ്ദമുണ്ട്. അവർ പിടിച്ചെടുത്ത സ്ഥാപനങ്ങളും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. അതിൽ ഒരു ഘടകം മാത്രമാണ് ഇ.വി.എം.
ബി.ജെ.പി ചെയ്യുന്നത് പോലെ മാദ്ധ്യമങ്ങളെ സ്വാധീനിക്കാൻ കോൺഗ്രസ് ശ്രമിക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കാവൽ നായയുടെ റോളിൽ സ്വതന്ത്ര മാദ്ധ്യമങ്ങൾ അനിവാര്യമാണ്. സർക്കാരിൽ സമ്മർദ്ദം ചെലുത്താനാവണം. സമ്മർദ്ദമുള്ളതിനാൽ മാദ്ധ്യമങ്ങൾ ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്.
കഴുത്തറുത്താലും ആർ.എസ്.എസിന്റെ ഒാഫീസിൽ പോവില്ല
സഹോദരൻ വരുൺ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കവെ അദ്ദേഹം വിശ്വസിക്കുന്നത് മറ്റൊരു പ്രത്യയശാസ്‌ത്രത്തിലാണെന്ന് രാഹുൽ പറഞ്ഞു. തനിക്കൊരിക്കലും ആർ.എസ്.എസ് കാര്യാലയത്തിൽ പോകാനാവില്ല. കഴുത്തറുത്താലും പോവില്ല. വരുണിനെ സ്നേഹിക്കാനും കെട്ടിപ്പിടിക്കാനും കഴിയും. പക്ഷേ, ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ കഴിയില്ല.
ആർ.എസ്.എസ് രാജ്യത്ത് വളരെ നല്ല പ്രവർത്തനമാണ് നടത്തുന്നതെന്ന് വർഷങ്ങൾക്ക് മുമ്പ് വരുൺ പറഞ്ഞപ്പോൾ, സ്വന്തം കുടുംബചരിത്രം വായിച്ച് പഠിക്കാനാണ് ഉപദേശിച്ചത്. കുടുംബത്തിന്റെ ആശയഗതിയെന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും തന്നോട് അത് പറയില്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ഹിന്ദുമതമെന്നാൽ കാവിയാണെന്നും ഹിന്ദുക്കൾക്ക് ആക്രമണോത്സുകതയുണ്ടെന്നുമുള്ള ആർ.ആർ.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റാണ്. ഹിന്ദുമതം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മതമാണ്. ഹിന്ദുമത തത്വങ്ങൾക്ക് എതിരാണ് ആർ.എസ്.എസിന്റെ നിലപാടുകൾ.
യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച
പഞ്ചാബിൽ ജോഡോ യാത്രയ്‌ക്കിടെ ഒരു യുവാവ് രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് യുവാവ് എത്തിയത്. രാഹുലിന് അടുത്തുണ്ടായിരുന്ന പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് യുവാവിനെ പിടിച്ചുമാറ്റി.
എന്നാൽ, സംഭവം സുരക്ഷാ വീഴ്‌ചയല്ലെന്ന് രാഹുൽ പ്രതികരിച്ചു. തന്നെ കെട്ടിപ്പിടിക്കാൻ ഒരാൾ വന്നു. അതു സുരക്ഷാ വീഴ്‌ചയല്ല. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചുവെന്നാണ് കരുതുന്നത്. അയാൾ അമിതാവേശത്തിലായിരുന്നു. അതൊരു പ്രശ്നമല്ല. അങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ടെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |