മേയ് മൂന്നിലെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കി, നടപടി ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തിന് പിന്നാലെ

Tuesday 12 May 2026 12:30 PM IST

ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന ദേശീയ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യു ജി പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. തീയതി പിന്നീട് പ്രഖ്യാപിക്കും. വീണ്ടും നടത്തുന്ന പരീക്ഷയ്ക്കായി പുതിയ ഹാൾടിക്കറ്റ് നൽകും. പുതിയ രജിസ്ട്രേഷൻ നടത്തുകയോ വീണ്ടും ഫീസ് നൽകുകയോ വേണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പരീക്ഷയ്ക്ക് താെട്ടുമുമ്പ് പ്രചരിച്ചിരുന്ന മാതൃകാ ചോദ്യപ്പേപ്പറിലെ 135 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. സികാറിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. നീറ്റ് പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ടുലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റത്. പരീക്ഷയ്ക്കു മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റെന്നാണ് വിവരം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ചോദ്യാവലി പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ കോപ്പികൾ നേരിട്ടും കൈമാറ്റപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 13 പേരെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമ, രണ്ട് വിദ്യാർത്ഥികൾ എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേരളത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

സികാറിലെ കോച്ചിംഗ് സെന്റർ വിദ്യാർത്ഥികൾക്ക് നൽകിയതാണ് മാതൃകാ ചോദ്യപ്പേപ്പറെന്നും ഇത് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും കൈമാറിയിട്ടുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ചോദ്യപ്പേപ്പർ ചോർന്നു എന്ന ആരോപണത്തിലെ സത്യാവസ്ഥ പരിശോധിക്കുമെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻ ടി എ ) ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. ചോദ്യപ്പേപ്പർ ചാേർച്ച സി ബി ഐയും അന്വേഷിക്കും.