പഞ്ചാബിനെ ഞെട്ടിച്ച് ഭീകരാക്രമണം: മണിക്കൂർ വ്യത്യാസത്തിൽ രണ്ട് സ്ഫോടനങ്ങൾ
ജലന്ധർ: അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ ജലന്ധറിലും അമൃത്‌സറിലും സൈനിക കേന്ദ്രങ്ങൾക്ക് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്ഫോടനങ്ങൾ. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സ്ഫോടനമുണ്ടായത്. രണ്ടിടത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു, ഫെബ്രുവരിയിൽ ഗുരുദാസ്പൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തിയ തീവ്രവാദി രഞ്ജിത് സിംഗിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് സ്ഫോടനം നടത്തിയതെന്ന് ഖാലിസ്ഥാൻ ലിബറേഷൻ ആർമി പുറത്തുവിട്ട കത്തിൽ പറയുന്നു. സ്ഫോടനത്തിൽ രണ്ട് ബിഎസ്‌എഫ് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും സംഘം അവകാശപ്പെട്ടിരുന്നു. മരണസംഖ്യ സംബന്ധിച്ച് പുറത്തുവന്ന കണക്കുകൾ വസ്തുതാവിരുദ്ധമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആദ്യ സ്ഫോടനം നടന്നത് ജലന്ധറിലെ ബിഎസ്എഫ് ചൗക്കിലാണ്. തിരക്കേറിയ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ തിരക്കേറിയ ഈ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതം ഏകദേശം 300 മീറ്റർ വരെ അനുഭവപ്പെട്ടു. ഒരു കാറിന്റെയും കടയുടെയും ചില്ലുകൾ തകർന്നു. സ്കൂട്ടർ ഉടമയായ ഗുർപ്രീത് സിംഗ് എന്ന ഡെലിവറി ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആദ്യത്തെ സ്ഫോടനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം രാത്രി 10.50ഓടെയാണ് ഖാസ സൈനിക ക്യാംപ് പരിസരത്ത് രണ്ടാമത്തെ സ്ഫോടനം നടന്നത്.
ബോംബ് ഡിസ്പോസൽ സ്ക്വാഡും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും സ്ഥലത്ത് നിന്ന് സാമ്പിളുകളും തെളിവുകളും ശേഖരിച്ചു. അട്ടിമറി സാദ്ധ്യതയുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പരിശോധനകൾക്കും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് കമ്മീഷണർ ധൻപ്രീത് കൗർ അറിയിച്ചു. പഞ്ചാബ് പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.