'ആ പിന്നിൽ നിൽക്കുന്ന കുട്ടി ഒരുനാൾ തന്റെ പാർട്ടിയെ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം കരുതിയിട്ടുണ്ടാകില്ല'

Tuesday 05 May 2026 5:44 PM IST

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ അമ്പത് വർഷമായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തകർത്തെറിഞ്ഞാണ് കന്നി അങ്കത്തിൽ തന്നെ വിജയ്‌‌‌യുടെ ടിവികെ ചരിത്ര വിജയം നേടിയത്. ആദ്യമായാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ രണ്ട് വൻമരങ്ങളെയും മറികടന്ന് ഒരു മൂന്നാം കക്ഷി തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വേരുറപ്പിച്ചത്.

ആകെ 234 സീറ്റുകളുള്ള തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. അധികാരത്തിലേറാൻ 10 സീറ്റുകളുടെ കൂടി പിന്തുണ വിജയ്ക്ക് ആവശ്യമാണ്. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളിലേക്കും എഐഎഡിഎംകെ 47 സീറ്റുകളിലേക്കും ചുരുങ്ങി.

ഇപ്പോഴിതാ വിജയ്‌‌‌യുടെ തകർപ്പൻ വിജയത്തിന് പിന്നാലെ വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി എം. കരുണാനിധിക്കൊപ്പമുള്ളതാണ് ചിത്രം. ഒരു ഉദ്ഘാടന ചടങ്ങിൽ കരുണാനിധി റിബൺ മുറിക്കുമ്പോൾ പിന്നിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന ബാലനായ വിജയ്‌യെ കാണാം. പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ച വാക്കുകളും ശ്രദ്ധേയമായി. 'തന്റെ പിന്നിൽ നിൽക്കുന്ന ഈ കുട്ടി എന്നെങ്കിലും ഒരുനാൾ തന്റെ പാർട്ടിയെ തകർക്കുമെന്ന് കലൈഞ്ജർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.'- രാം ഗോപാൽ വർമ്മ കുറിച്ചു.