'ശക്തമായ നേതൃത്വത്തിനുള്ള അംഗീകാരം'; സുവേന്ദു അധികാരിയെ പ്രകീർത്തിച്ച് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാളിലെ ബിജെപിയുടെ വിജയം സുവേന്ദുവിന്റെ ജനകീയ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമെന്ന് ഹസീന പ്രസ്താവനയിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് സുവേന്ദുവിന് അഭിനന്ദനമെത്തിയത്.
'ശ്രീ സുവേന്ദു അധികാരിക്ക് എന്റെയും ബംഗ്ലാദേശ് ജനതയുടെയും പേരിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ബംഗാൾ ജനത നൽകിയ ഈ വിധി അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിനുള്ള അംഗീകാരമാണ്. ഭാഷയും സംസ്കാരവും പങ്കിടുന്ന ബംഗ്ലാദേശും പശ്ചിമ ബംഗാളും തമ്മിലുള്ള ബന്ധം സുവേന്ദുവിന്റെ കാലത്ത് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് വിശ്വസിക്കുന്നു, ഇരു ബംഗാളുകളിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം'.- പ്രസ്താവനയിലൂടെ ഹസീന വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ അഭയാർത്ഥിയായി കഴിയുകയാണ് ഹസീന. 2024ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട ഹസീന സൈനിക ഹെലികോപ്റ്ററിലാണ് ധാക്കയിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകാരികളെ അടിച്ചമർത്തിയതിനും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും ബംഗ്ലാദേശിലെ കോടതി ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ 207 എണ്ണവും നേടിയാണ് മമത ബാനർജിയുടെ തുടർഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചത്. അനധികൃത കുടിയേറ്റം തടയുമെന്ന വാഗ്ദാനവുമായാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതും ശ്രദ്ധേയമാണ്.