ബിജെപിക്കെതിരെ പൊരുതാൻ ഉറച്ച് മമത: പൊതു ശത്രുവിനെതിരെ ഒരുമിച്ച് പോരാടാൻ ആഹ്വാനം

Sunday 10 May 2026 9:40 AM IST

കൊൽക്കത്ത: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടി ഐക്യത്തിന് ആഹ്വാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തന്റെ പാർട്ടി നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും മമത പറഞ്ഞു.

ബംഗാളിൽ ഭീകരവാഴ്ച ആരംഭിച്ചിരിക്കുകയാണെന്ന് പറഞ്ഞ അവർ ഈ സാഹചര്യത്തിൽ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളോടും വിദ്യാർത്ഥി സംഘടനകളോടും എൻ‌ജി‌ഒകളോടും ബിജെപിക്കെതിരെ ഒന്നിക്കണമെന്നും അഭ്യർത്ഥിച്ചു. ബിജെപി വിരുദ്ധ കക്ഷികളുടെ ഒരു സംയുക്ത വേദി രൂപീകരിക്കണമെന്ന് പറഞ്ഞ മമത ഡൽഹിയിലും ബംഗാളിലും ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു. ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് പ്രതിപക്ഷ പാ‌‌ർട്ടികൾ ഓർക്കണമെന്നും മമത പറഞ്ഞു.

ഈ വിഷയത്തിൽ താൽപ്പര്യമുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ച നടത്താൻ തൃണമൂൽ കോൺഗ്രസ് തയ്യാറാണെന്നും അവർ വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, ഹേമന്ത് സോറൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി സംസാരിച്ചതായും അഖിലേഷ് യാദവ് നേരിട്ടെത്തിയതായും മമത അറിയിച്ചു.

294 സീറ്റുകളിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി പശ്ചിമബംഗാളിൽ ആദ്യമായി അധികാരത്തിലെത്തിയത്. 80 സീറ്റുകൾ മാത്രമാണ് മമത ബാനർ‌ജിയുടെ തൃണമൂൺ കോൺഗ്രസിന് ലഭിച്ചത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും ചേർന്ന് വോട്ടെണ്ണലിൽ ക്രമക്കേട് നടത്തിയെന്നാണ് മമതയുടെ ആരോപണം.