കലാലയ സൗഹൃദം ഓർമിപ്പിച്ച് ഉദയനിധി സ്റ്റാലിന്റെ നിയമസഭയിലെ ആദ്യ പ്രസംഗം: പുഞ്ചിരിയോടെ വിജയ്‌യും സ്പീക്കറും
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ഉദയനിധി സ്റ്റാലിൻ നടത്തിയ ആദ്യ പ്രസംഗം ഏറെ ശ്രദ്ധയാകർഷിച്ചു. പതിനേഴാമത് നിയമസഭയുടെ പ്രതിപക്ഷനേതാവായാണ് ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റത്. ഈ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി സ്റ്റാലിന്റെ തോൽവിയെത്തുടർന്നാണ് പ്രതിപക്ഷനിരയുടെ അമരത്തേക്ക് ഉദയനിധി എത്തുന്നത്.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള കന്നി പ്രസംഗത്തിൽ വ്യക്തിപരമായ സൗഹൃദങ്ങളും രാഷ്ട്രീയമായ നിലപാടുകളും കോർത്തിണക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിലെ പ്രമുഖർ തമ്മിലുള്ള കലാലയ ബന്ധം പരാമർശിച്ച അദ്ദേഹം, സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനവും നടത്തി. മുഖ്യമന്ത്രി വിജയ്‌യും സ്പീക്കർ ജെ.സി.ഡി പ്രഭാകറും താനുമടങ്ങുന്ന നേതാക്കൾ ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജിലെ സഹപാഠികളാണെന്ന് ഉദയനിധി പറഞ്ഞു. ഡിഎംകെ ഭരണത്തിൽ മുതിർന്നവരാണ്. ഞങ്ങളുടെ അനുഭവവും അറിവും പങ്കിടാൻ ഞങ്ങൾ തയ്യാറാണ്. തമിഴ്നാടിന്റെ ക്ഷേമമാണ് പ്രധാനം- ഉദയനിധി കൂട്ടിച്ചേർത്തു.
രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ തുടരുമ്പോഴും തമിഴ്‌നാടിന്റെ വികസനത്തിനായി ഭരണപക്ഷവുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണെന്ന സന്ദേശമാണ് ഉദയനിധി സ്റ്റാലിൻ തന്റെ പ്രസംഗത്തിലൂടെ നൽകിയത്. മുഖ്യമന്ത്രി വിജയ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പുഞ്ചിരിയോടെ വീക്ഷിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കും.