'വിജയ്യുടെ ജാതകം മോദിയുടെ ജാതകത്തോട് ഏറെ സാമ്യം, നടൻ പ്രധാനമന്ത്രിയാകും'; പ്രവചനം
ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലാണ് പുതിയ പ്രവചനവുമായി രംഗത്തെത്തിയത്.
വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ വിധിക്കപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ ജാതകം നരേന്ദ്രമോദിയുടെ ജാതകവുമായി ഏറെ സാമ്യതയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളി ഉണ്ടാകില്ലെന്നും രാധൻ പറഞ്ഞു. വിജയ്യുടെ രാഷ്ട്രീയയാത്രയുടെ തുടക്കം മാത്രമാണിത്. മോദിയെപ്പോലെതന്നെ നേരിട്ട് ഉന്നതപദവിയിലേക്ക് എത്തുന്ന രാഷ്ട്രീയപാതയാണ് വിജയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'2001ൽ മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായ അതേ പ്രായത്തിൽ തന്നെയാണ് വിജയ്യും മുഖ്യമന്ത്രിയാവുന്നത്. മോദിയെപ്പോലെ സജീവരാഷ്ട്രീയത്തിൽ പ്രവേശിച്ച ഉടൻതന്നെയാണ് വിജയ് മുഖ്യമന്ത്രിയായത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിപദവിയിൽ നിന്ന് അതിവേഗം പ്രധാനമന്ത്രിയായി ഉയർന്നു. വിജയ്ക്കും ഇതേ ഭാവിയാണ് ഉണ്ടാവുക'- രാധൻ പണ്ഡിറ്റ് അവകാശപ്പെടുന്നു.
വിജയ്യുടെ ഉപദേശികളിൽ പ്രമുഖനും വിശ്വസ്തനുമായ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി) നിയമിച്ചിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പിനെത്തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു. തമിഴക വെട്രി കഴകം എന്ന പാർട്ടിക്ക് പേരിടൽ പ്രഖ്യാപനം മുതൽ വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് സമയം കുറിച്ചതു വരെ റിക്കിരാധനാണ്. വിജയ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് 2024ൽ രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.
രാജ്യത്തെ സെലിബ്രിറ്റി ജ്യോതിഷിമാരിൽ ഒരാളാണ് റിക്കി രാധൻ.വേദിക് ജ്യോതിഷം, ന്യൂമറോളജി തുടങ്ങിയവയിൽ 40 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയായ രാധൻ പണ്ഡിറ്റ് രാഷ്ട്രീയ, സിനിമാരംഗത്തെ വ്യക്തികളുമായി അടുത്ത ബന്ധം. പണ്ഡിറ്റ് വെട്രിവേലെന്ന് പൊതുവിൽ അറിയപ്പെടുന്ന ഇദ്ദേഹം 2008ൽ ഡൽഹിയിലേക്ക് മാറുകയും രാധൻ പണ്ഡിറ്റെന്ന് പേരു മാറ്റുകയും ചെയ്തു. ജയലളിത ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രമുഖർ രാധൻ പണ്ഡിറ്റിന്റെ നിത്യസന്ദർശകരായിരുന്നു.