ഈ ജോലി ഒരു മണിക്കൂർ ചെയ്‌താൽ നിങ്ങൾക്ക് കിട്ടുന്നത് 49,000 രൂപ,​ ചർച്ചയായി പ്രവാസിയുടെ ഇൻസ്റ്റഗ്രാം വീഡിയോ

Tuesday 19 May 2026 5:47 PM IST

ഒട്ടാവ: വിദേശ രാജ്യങ്ങളിൽ ഓഫീസ് ജോലികളെക്കാൾ വരുമാനം ലഭിക്കുന്നത് മറ്റ് ജോലികൾക്കാണെെന്ന് വെളിപ്പെടുത്തി പ്രവാസി. കാനഡയിൽ താമസിക്കുന്ന വിശാൽ എന്ന ഇന്ത്യക്കാരൻ പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ചർച്ചയാകുന്നത്. തന്റെ വീടിന് ചുറ്റുമുള്ള മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാൻ എത്തിയ തൊഴിലാളിക്ക് ഒരു മണിക്കൂർ നേരത്തെ ജോലിക്ക് വിശാൽ നൽകിയത് 49,113 (700 കനേഡിയൻ ഡോളർ) രൂപയാണ്.

ഒരു മണിക്കൂറിനകത്ത് ജോലി തീർത്തു മടങ്ങിയ ഒരാൾക്ക് ഇത്രയധികം തുക നൽകേണ്ടി വന്നതിലെ യുക്തിയെക്കുറിച്ചും അതിന് പിന്നിലെ സാമ്പത്തിക വശങ്ങളുമാണ് വിശാൽ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. മരം മുറിക്കുന്നതിനുള്ള ശാരീരിക അധ്വാനത്തിന് മാത്രമല്ല ഈ തുക നൽകുന്നതെന്ന് വിശാൽ പറയുന്നു. ഇതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. മികച്ച സാങ്കേതിക ഉപകരണങ്ങൾ, വലിയ ട്രക്കുകൾ, സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഇത്രയും തുക ഈടാക്കുന്നത്. ബിസിനസ് ഇൻഷുറൻസ്, ലൈസൻസ് ഫീസുകൾ, ഇന്ധനവില, നികുതി എന്നിവയെല്ലാം ഈ 49,113 ഡോളറിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്ത് മരം മുറി ജോലിയിൽ സജീവമാകുന്ന ഇവർ ശീതകാലത്ത് മഞ്ഞ് നീക്കം ചെയ്യുന്ന ജോലികളിലാണ് ഏർപ്പെടുന്നത്. ഇതോടെ വർഷം മുഴുവൻ ഇവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നും വിശാൽ കൂട്ടിച്ചേർത്തു.

കാനഡ പോലുള്ള വികസിത രാജ്യങ്ങളിൽ പ്രാക്‌ടിക്കൽ സ്‌കില്ലുകൾ സർവ്വകലാശാല ബിരുദത്തേക്കാൾ മൂല്യമുണ്ട് എന്നതിന്റെ തെളിവാണിതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കമന്റ്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയമേഖലകളിൽ കാനഡയിൽ വലിയ വരുമാനമുണ്ടെന്ന് ഒരു വിഭാഗം സമ്മതിക്കുമ്പോൾ, 700ഡോളർ ലാഭമല്ലെന്നും അതിൽ വലിയൊരു ഭാഗം ചെലവുകളിലേക്ക്‌ പോകുമെന്നും ബിസിനസ് വിദഗ്ദ്ധർക്ക് ചൂണ്ടിക്കാട്ടുന്നു.

ഉപകരണങ്ങളുടെ ലീസ് തുക കഴിഞ്ഞാൽ 10ശതമാനം മുതൽ 30ശതമാനം വരെ മാത്രമായിരിക്കും ഇത്തരം ജോലികളിലെ യഥാർത്ഥ ലാഭമെന്നാണ് ചിലരുടെ വാദം. എങ്കിലും, വൈറ്റ്‌ കോളർജോലികൾക്ക് പിന്നാലെ മാത്രം പോകാതെ നിർമാണവുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലി സാദ്ധ്യതകൾ കൂടി യുവാക്കൾ തിരിച്ചറിയണമെന്ന് വിശാലിന്റെ വീഡിയോ ചൂണ്ടിക്കാട്ടുന്നത്.