SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.39 AM IST

'ക്രിസ് ഗെയ്‌ലിനേക്കാൾ അപകടകാരി, ബാറ്റിംഗിൽ പുലിയാണെങ്കിലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ   ആ ഒറ്റക്കാര്യത്തിൽ   മാറ്റം വരുത്തണം'

vaibhav-sooryavanshi

ജയ്‌പൂർ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരമാണ് രാജസ്ഥാൻ റോയൽസിന്റെ 15കാരൻ വൈഭവ് സൂര്യവംശി. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെയടക്കം സിക്സർ പറത്തി തകർപ്പൻ ബാറ്റിംഗാണ് ഓരോ കളിയിലും കൗമാര താരം കാഴ്‌ച്ചവയ്ക്കുന്നത്. ഇപ്പോഴിതാ വൈഭവിനെക്കുറിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫും ഹർഭജൻ സിംഗും പങ്കുവച്ച തങ്ങളുടെ നിരീക്ഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജിയോഹോട്ട്സ്റ്റാറിന്റെ 'ചാമ്പ്യൻസ് വാലി കമന്ററി'യിൽ സംസാരിക്കവെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് വൈഭവിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തിയപ്പോൾ ബാറ്റിംഗിൽ വൈഭവ് പുലിയാണെങ്കിലും ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ ഫീൽഡിംഗിന്റെ കാര്യത്തിലും കൂടി മാറ്റം വരുത്തണമെന്നാണ് മുഹമ്മദ് കൈഫ് ഓർമ്മിപ്പിക്കുന്നത്.

'15ാം വയസിൽ നേരിടുന്ന ആദ്യ പന്ത് മുതൽ എല്ലാ ബൗളർമാരെയും സിക്സടിക്കുന്ന ഒരു ബാറ്ററെ ഇതുവരെ എന്റെ കരിയറിൽ ഞാൻ കണ്ടിട്ടില്ല. ക്രിസ് ഗെയ്‌ലിനെ ഒരുപാട് തവണ ഞാൻ പുറത്താക്കിയിട്ടുണ്ട്. എന്നാൽ വൈഭവ് വേറെ ലെവലാണ്. അവന്റെ ബാറ്റ് ഫ്‌ളോ ഞാൻ ഇന്നേവരെ ഒരു ബാറ്ററിലും കാണാത്ത കാര്യമാണ്.'- ഹർഭജൻ പറയുന്നു. താനാണ് വൈഭവിനെതിരെ ബൗൾ ചെയ്യുന്നതെങ്കിൽ ക്രീസിൽ നിന്ന് പുറത്തിറങ്ങി അടിക്കാൻ അനുവദിക്കുമെന്നും, എന്നാൽ ക്രീസിനുള്ളിൽ നിന്നുകൊണ്ട് വലിയ ഷോട്ടുകൾ അടിക്കാൻ പാകത്തിലുള്ള പന്തുകൾ എറിഞ്ഞു കൊടുക്കില്ലെന്നും ഹർഭജൻ വ്യക്തമാക്കി.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിലൊരാളായ മുഹമ്മദ് കൈഫ്, വൈഭവിന്റെ ബാറ്റിംഗ് മികവിനെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് താരത്തിന്റെ ഫീൽഡിംഗിനെക്കുറിച്ചും വിമർശിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ താരം കൈവിട്ട ഒരു ക്യാച്ചിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൈഫിന്റെ പ്രതികരണം.

'ഇന്ത്യൻ ടീമിനായി കളിക്കണമെങ്കിൽ വൈഭവ് തന്റെ ഫീൽഡിംഗ് മെച്ചപ്പെടുത്തിയേ തീരൂ. ഇതുവരെ അവൻ ഒരു ക്യാച്ച് എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഡൽഹി താരം സാഹിൽ പരീഖ് അടിച്ച പന്ത് കൃത്യമായ ഉയരത്തിലാണ് വൈഭവിന്റെ അടുത്തെത്തിയത്. ശരിയായ ദിശയിൽ പന്ത് എത്തിയിട്ടും ആ ക്യാച്ച് പാഴാക്കി. അവിടെ ചാടേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. അരക്കെട്ടിന് നേരെ വന്ന പന്ത് സാധാരണ രീതിയിൽ എടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.' കൈഫ് ചൂണ്ടിക്കാണിച്ചു. ബാറ്റിംഗ് മികവ് നോക്കി താരങ്ങളെ തിരഞ്ഞെടുക്കുന്ന സ്‌കൗട്ടുകൾ ഇനി മുതൽ താരങ്ങൾക്ക് ഫീൽഡിംഗ് ടെസ്റ്റ് കൂടി നടത്തണമെന്നും കൈഫ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, VAIBHAV, KAIF, HARBHAJAN, RR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360