'ഇരുതലയൻ' പാമ്പിനെ കണ്ടെത്തി ചൈനയിലെ ഗവേഷകർ, രണ്ടാമത് തല ഉപയോഗിക്കുന്നത് ഇക്കാര്യത്തിന്

Tuesday 12 May 2026 7:55 PM IST

രണ്ട് തലയുള്ള പാമ്പുണ്ടോ? ജനിതകമായ വൈകല്യങ്ങൾ കൊണ്ട് ചിലപ്പോൾ ഒരു ജീവിയിൽ തന്നെ രണ്ട് തലകൾ കണ്ടേക്കാം. പക്ഷെ രണ്ട് വശങ്ങളിലും തല വരാൻ ഒരു സാദ്ധ്യതയും ഇല്ല. നമ്മുടെ നാട്ടിൽ ഇരുതലമൂരി,​ മണ്ണൂലി എന്നിങ്ങനെ അറിയപ്പെടുന്ന ഒരു പാമ്പ് രണ്ട് തലയുണ്ടെന്ന് തോന്നിക്കുന്ന അതിന്റെ രൂപം കൊണ്ട് പ്രശസ്‌തമാണ്. ഭാഗ്യംകൊണ്ടുവരും എന്നെല്ലാം തരത്തിലുള്ള അന്ധവിശ്വാസം കൊണ്ട് ഈ പാമ്പിന്റെ പേരിൽ നമ്മുടെ നാട്ടിൽ കള്ളക്കടത്ത് വ്യാപകമാണ്.

ഇരുതലയുള്ള പുതിയൊരു കുഞ്ഞൻപാമ്പിനെ കണ്ടെത്തിയിരിക്കുകയാണ്. ചൈനയിലാണിത്. 'സൂ സിസ്റ്റമാറ്റിക്ക് ആൻഡ് എവലൂഷൻ' എന്ന ചൈനീസ് ശാസ്‌ത്ര പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തുവിട്ടത്. ഗ്വാംഗ്‌സി റീഡ് സ്‌നേക്ക് എന്ന പാമ്പിനാണ് 'രണ്ട് തല' ഉള്ളത്. ഗ്വാംഗ്‌സി നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയം ടീമാണ് ഏപ്രിൽ മാസത്തിൽ ഈ പാമ്പിനെ കണ്ടെത്തിയത്. ഗ്വാംഗ്‌സി പ്രവിശ്യയിലെ ഹ്വാപിംഗ് ദേശീയ പ്രകൃതി സംരക്ഷണകേന്ദ്രത്തിൽ സർവെ നടത്തുന്നതിനിടെയാണ് ഈ ചെറിയ പാമ്പിനെ ലഭിച്ചത്.

വെറും 22 സെന്റീമീറ്റർ നീളവും ബ്രൗൺ നിറവുമുള്ള തിളങ്ങുന്ന ശരീരമുള്ള പാമ്പാണ് ഗ്വാംഗ്‌ലി റീഡ‌് സ്‌നേക്ക്. പാമ്പ് ആണെങ്കിലും കുഞ്ഞൻ ആയതിനാൽ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനാണ് പാമ്പിന് ഈ ശാരീരിക പ്രത്യേകത ഉള്ളത്. വളരെ കട്ടിയേറിയ ഉരുണ്ട വാലാണ് ഈ പാമ്പിനുള്ളത്. തലയിലുള്ള അതേ പാടുകൾ തന്നെ വാലിലുമുണ്ട്. ദൂരെ നിന്ന് ഇതിനെ കണ്ടാൽ രണ്ട് തലയുണ്ടെന്നേ തോന്നൂ.

ജീവന് ഭീഷണിയുണ്ടെന്ന് തോന്നിയാൽ ദേഹം വട്ടത്തിലാക്കി വാൽ തലയെന്ന് തോന്നിക്കുന്ന രീതിയിൽ അനക്കി ഇവ ശത്രുക്കളെ കബളിപ്പിക്കും. കലമരിയ ഇൻക്രെഡിബില്ലിസ് എന്ന ശാസ്‌ത്രീയനാമമുള്ള ഈ പാമ്പ് വിഷമുള്ളവയല്ല. വനത്തിലെ തറകളിലെ ഇലകൾക്കടിയിലും പാറയിടുക്കിലും മണ്ണിനടിയിലുമെല്ലാം ഇവ മിക്കസമയവും ഒളിച്ചിരിക്കുകയാണ് പതിവ്. മണ്ണിരകളെയും പ്രാണികളുടെ ലാർവകളെയുമാണ് ഭക്ഷണമാക്കുക.

2026ൽ ഇവയ്‌ക്കുപുറമേ ഇതുവരെ 11 ഉരഗവർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കമ്പോഡിയയിലെ വടക്ക്പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്നും വിവിധ ഇനത്തിൽപെട്ട ജീവികളെ കണ്ടെത്തി. പാമ്പുകൾ, പല്ലികൾ, ഇത്തിരികുഞ്ഞൻ ഒച്ചുകൾ,അട്ടകൾ ഇവയെയും ലഭിച്ചു. ഇന്നേവരെ കാണാത്ത ജീവികളെ കണ്ടെത്തിയ ഭൂപ്രദേശം സംരക്ഷിക്കുക വഴി പ്രദേശത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കാനാകുമെന്ന് ഗവേഷകർ കരുതുന്നു.