'തല' ഇന്ന് വിരമിക്കുമോ?​ നെഞ്ചിടിപ്പേറ്റുന്നത് അഞ്ച് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ആ കാര്യം

Monday 18 May 2026 5:43 PM IST

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പ്ലേഓഫിൽ കടക്കാൻ മത്സരം സിഎസ്‌കെയ്‌ക്ക് ജയിച്ചേ തീരൂ. സൺറൈസേഴ്സ് ഹൈദരാബാദാണ്‌ എതിരാളികൾ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ ടീമിന്റെ അവസാന ഹോം മാച്ചുകൂടിയാണിത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യത്തിലാണ്. ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിക്കാനിറങ്ങുമോ? അദ്ദേഹത്തിന്റെ വിരമിക്കൽ മത്സരമായിരിക്കുമോ ഇന്ന് നടക്കുന്നത് എന്നിങ്ങനെയുള്ള ചർച്ചകളാണ് നടക്കുന്നത്.

പരിക്കിനെ തുടർന്ന് ഇതുവരെ സീസണിലെ ഒരു മത്സരത്തിൽ പോലും ധോണി കളിച്ചിട്ടില്ല. എന്നാൽ, തന്റെ അവസാന ട്വന്റി-20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് ധോണി തന്നെ പറഞ്ഞിരുന്നതിനാൽ ഇന്നത്തെ മത്സരം അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരമായിരിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരിക്കുകൾ കാരണം താരം വിട്ടുനിന്നെങ്കിലും ഇന്നലെ വൈകുന്നേരം ചെപ്പോക്കിൽ നെറ്റ് പ്രാക്ടീസ് നടത്തിയത് ആരാധകരിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. ധോണി കളിച്ചില്ലെങ്കിൽ പോലും ഇന്നത്തെ മത്സരശേഷം ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരുപക്ഷേ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം ചെന്നൈ മണ്ണിൽ വച്ച് ഇന്ന് ഉണ്ടായേക്കുമെന്നാണ് ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. അതേസമയം,​ ഇംപാക്‌ട് പ്ലെയർ ആയി ധോണിയിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ 12 പോയിന്റുള്ള സിഎസ്‌കെയ്ക്ക് പ്ലേഓഫ് തുടരണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. വിജയിച്ചാൽ പ്ലേഓഫ് സാദ്ധ്യതകൾ സജീവമായി നിലനിർത്താം. തോറ്റാൽ ടൂർണമെന്റിൽ നിന്നുള്ള പുറത്താകൽ ഏതാണ്ട് ഉറപ്പാകും.