ആ പഞ്ചാബല്ല ഈ പഞ്ചാബ്; തുടര്‍ച്ചയായി ആറാം തോല്‍വി, പ്ലേഓഫ് പ്രതീക്ഷകള്‍ മങ്ങി
ധരംശാല: ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേഓഫില്‍. 23 റണ്‍സിനാണ് പഞ്ചാബിനെ ആര്‍സിബി തോല്‍പ്പിച്ചത്. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എന്ന സ്കോറില്‍ അവസാനിച്ചു. തുടര്‍ച്ചയായി ആറാം തോല്‍വി വഴങ്ങിയ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ആദ്യ ആറ് മത്സരങ്ങളില്‍ വിജയിച്ച ശേഷമാണ് പഞ്ചാബിന്റെ പതനം.
ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 0(3), പ്രഭ്സിംറാന് സിംഘ് 2(5) എന്നിവര്‍ വീണ്ടും നിരാശയാണ് പഞ്ചാബ് ആരാധകര്‍ക്ക് സമ്മാനിച്ചത്. മൂന്നാമനായി എത്തിയ കൂപ്പര്‍ കൊണോലി 37(22) റണ്‍സ് നേടിയെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 1(3) കൂടി പുറത്തായതോടെ പഞ്ചാബ് പതറി. സൂര്യാന്‍ഷ് ഷെഡ്ഗെ 35(22), മാര്‍ക്കസ് സ്റ്റോയിനിസ് 37(25) എന്നിവര്‍ പൊരുതി. 27 പന്തുകളില്‍ നിന്ന് നാല് വീതം ഫോറും സിക്സും പായിച്ച് അര്‍ദ്ധ സെഞ്ച്വറി (56 റണ്‍സ്) നേടിയ ശശാങ്ക് സിംഗിന്റെ ഒറ്റയാള്പോരാട്ടത്തിനും ടീമിനെ രക്ഷിക്കാനായില്ല.
അസ്മത്തുള്ള ഒമര്‍സായ് 14(10) റണ്‍സ് നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ 5*(3) പുറത്താകാതെ നിന്നു. ആര്‍സിബിക്കായി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ജോഷ് ഹേസില്‍വുഡ്, സുയാഷ് ശര്‍മ്മ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വെങ്കിടേഷ് അയ്യര്‍ 73*(40) ആണ് ടോപ് സ്കോറര്‍. വിരാട് കൊഹ്ലിയും 58(37) അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.