റഗ്ബിയിലെ മലയാളിത്തിളക്കമായി ആതിര

Wednesday 13 May 2026 12:12 AM IST

കൊച്ചി: ജീവിതപ്രാരാബ്ധങ്ങളുടെ ബൗണ്ടറി ലൈൻ മറികടന്ന് റഗ്ബി പന്തുമായി കുതിച്ച പാലക്കാട് നെന്മാറ സ്വദേശിനി ആതിരയെത്തേടിയെത്തി ഇന്ത്യൻ കുപ്പായം. റഗ്ബിയിൽ ഇന്ത്യൻ സീനിയർ ടീം ജഴ്‌സിയണിയുന്ന ആദ്യ മലയാളിയാണ് കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായ ഈ 24കാരി. ഡൽഹിയിൽ ഇന്ത്യൻ ക്യാമ്പിലുള്ള ആതിര ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ആൻഡ് സൗത്ത് ഏഷ്യൻ റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള പരിശീലനത്തിലാണ്.

പ്ലസ് ടു വരെ പാലക്കാട് പഠിച്ച ആതിര തൃശൂർ വിമല കോളേജിൽ ഡിഗ്രിക്ക് ചേർന്നതോടെയാണ് കായികരംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്. ബാസ്‌ക്കറ്റ് ബാളിലായിരുന്നു തുടക്കം. കാര്യമായി ശോഭിക്കാൻ കഴിയാഞ്ഞതോടെ പരിശീലകൻ വിഷ്ണുവാണ് റഗ്ബിയിലേക്ക് തിരിച്ചുവിട്ടത്. കാലിക്കറ്റ് സർവകലാശാലയ്‌ക്കായി മിന്നിയ ആതിര കേരള ടീമിലെത്തി. പിന്നീട് ക്യാപ്ടനായി. കേരള റഗ്ബിയെ രാജ്യത്ത് മുൻനിരയിലെത്തിച്ചു.

കായിക അദ്ധ്യാപക പഠനത്തിനായി പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലേക്ക് ചേക്കേറിയ ശേഷം നാഷണൽ ഗെയിംസിലും ഖേലോ ഇന്ത്യയിലും തിളങ്ങിയത് ഇന്ത്യൻ ക്യാമ്പിലേക്ക് വഴിയൊരുക്കി. മലയാളികളായ പ്രിയങ്ക, അനീറ്റ എന്നിവരും ക്യാമ്പിലുണ്ടായിരുന്നെങ്കിലും ആതിരയ്‌ക്ക് മാത്രമാണ് സെലക്ഷൻ ലഭിച്ചത്. പ്രിയങ്ക റിസർവ് ടീമിലുണ്ട്. പൊന്നനും ഗീതയുമാണ് മാതാപിതാക്കൾ. കെ.പി. ഉല്ലാസാണ് സഹോദരൻ.

 ഒന്നര പതിറ്റാണ്ട് ലോകത്ത് പ്രചാരമുള്ള കായിക ഇനമാണ് റഗ്ബിയെങ്കിലും കേരളത്തിൽ വേരുറപ്പിച്ചിട്ട് ഒന്നര പതിറ്റാണ്ടേ ആയിട്ടുള്ളൂ. 35-ാം നാഷണൽ ഗെയിംസിന് കേരളം വേദിയായതോടെ റഗ്ബിയിൽ മത്സരിക്കാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്. നാല് വർഷം മുമ്പ് സ്‌പോർട്‌സ് കൗൺസിൽ അംഗീകാരവും ലഭിച്ചു. നിരവധി റഗ്ബി താരങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്.

 റഗ്ബി കളിക്കാർ ഓവൽ രൂപത്തിലുള്ള പന്ത് കാലോ കൈയോ ഉപയോഗിച്ച് എതിരാളിയുടെ ഗോൾ വരയ്ക്കപ്പുറത്തെത്തിക്കണം. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ രൂപംകൊണ്ടു. ടീമിൽ 15 കളിക്കാർ.

രാജ്യത്തിനായി മെഡൽ നേടണം. മലയാളി റഗ്ബി താരങ്ങൾക്ക് പ്രചോദനമാകണം.

കെ.പി ആതിര

ആതിരയുടെ നേട്ടത്തിൽ കേരളത്തിലെ റഗ്ബി താരങ്ങളെല്ലാം സന്തോഷത്തിലാണ്. റഗ്ബിയിലേക്ക് കൂടുതൽപ്പേർ എത്താനും ഇത് സഹായിക്കും

ആ‌ർ.ജയകൃഷ്ണൻ

സെക്രട്ടറി

കേരള റഗ്ബി അസോസിയേഷൻ