ചെപ്പോക്കില്‍ ചെന്നൈക്ക് കാലിടറി; ഇഷാന്‍ കിഷന്റെ മികവില്‍ ഹൈദരാബാദിന് ജയം

Monday 18 May 2026 11:46 PM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ ബംഗളൂരുവിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ആണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് 6(6) ആണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം 38 (31) റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായ അഭിഷേക് ശര്‍മ്മ 26(21) റണ്‍സ് നേടി പുറത്തായി. പകരമെത്തിയ ഹെയ്ന്റിച്ച് ക്ലാസന്‍ 47(26) വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെ ചെന്നൈ പ്രതിരോധത്തിലായി. മറുവശത്ത് പതിയെ താളം കണ്ടെത്തിയ കിഷന്‍ അര്‍ദ്ധ സെഞ്ച്വറിയും പിന്നിട്ടു.

18ാം ഓവറില്‍ നിധീഷ് കുമാര്‍ റെഡ്ഡി 11(7) പുറത്തായതോടെ ചെന്നൈക്ക് നേരിയ പ്രതീക്ഷയായി. എന്നാല്‍ 47 പ്ന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ടീമിനെ ജയത്തിന് തൊട്ടടുത്തെത്തിച്ച ശേഷമാണ് പുറത്തായത്. താരം മടങ്ങുമ്പോള്‍ ഒമ്പത് പന്തുകളില്‍ ആറ് റണ്‍സ് മാത്രം മതിയായിരുന്നു ഹൈദരാബാദിന് ജയത്തിലേക്ക്. സലില്‍ അറോറ 10*(5), സ്മരണ്‍ രവിചന്ദ്രന്‍ 5(2) എന്നിവര്‍ പുറത്താകാതെ നിന്നതോടെ ഒരോവര്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് ജയിച്ച് കയറുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരം ഡിവാള്‍ഡ് ബ്രെവിസ് ആണ് ടോപ് സ്‌കോര്‍. ഓപ്പണര്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 13 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 15(21) റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി.

ഉര്‍വില്‍ പട്ടേല്‍ 13(8), കാര്‍ത്തിക് ശര്‍മ്മ 32(19) റണ്‍സ് വീതം നേടി. ഡിവാള്‍ഡ് ബ്രെവിസ് 44(27), ശിവം ദൂബെ 26(23), പ്രശാന്ത് വീര്‍ 11(9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അക്കീല്‍ ഹൊസൈന്‍ 3*(1) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.