വെടിനിർത്തലിനിടെ ഇറാന്റെ എണ്ണക്കപ്പലുകൾ ആക്രമിച്ച് യു.എസ്: വീഡിയോ പുറത്ത്

Saturday 09 May 2026 2:48 PM IST

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ രണ്ട് എണ്ണക്കപ്പലുകൾ യു.എസ് സൈന്യം വെടിവച്ച് തകർത്തതായി റിപ്പോർട്ട്. ആക്രമണത്തിന്റെ വീഡിയോ യു.എസ് പുറത്തുവിട്ടു. ഇറാൻ സേനയുമായുള്ള വെടിവയ്പ്പിന് പിന്നാലെയാണ് അമേരിക്ക കപ്പലുകളെ ആക്രമിച്ചത്. നിലവിലുള്ള വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ്ജ സുരക്ഷയെയും ഈ സംഭവം വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്റെ തുറമുഖങ്ങൾക്കുമേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെയാണ് യുദ്ധവിമാനങ്ങൾ ആക്രമിച്ചതെന്ന് അമേരിക്ക അവകാശപ്പെട്ടു. തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണ ശ്രമങ്ങളെ പ്രതിരോധിച്ചതായും അമേരിക്ക അറിയിച്ചു.

ഇതിനിടെ,​ യുഎഇയിൽ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അമേരിക്കൻ സൈന്യത്തിന് ഭീഷണി ഉയർത്തുന്നവരെ വെറുതെ വിടില്ലെന്നും അവരെ തകർക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. സൈനികമായ തിരിച്ചടികൾക്കിടയിലും ഇറാന്റെ ഭാഗത്തുനിന്ന് ഒരു നയതന്ത്ര പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണങ്ങൾ തുടരുന്നുണ്ടെങ്കിലും വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാദിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ നിയന്ത്രിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും തയ്യാറായില്ലെങ്കിൽ പൂർണതോതിലുള്ള ബോംബാക്രമണം പുനഃരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോൾ വെടിനിർത്തൽ കരാർ ലംഘിച്ചത് യു.എസ് ആണെന്നാണ് ഇറാന്റെ നിലപാട്.