'ലോകാവസാനത്തിന് മുൻപ് ഭൂമി മുഴുവൻ തന്റെ കുട്ടികളെകൊണ്ട് നിറയ്ക്കണം'; റിക്രൂട്ട്‌മെന്റുമായി ഇലോൺ മസ്‌ക്

Thursday 17 April 2025 12:02 PM IST

വാഷിംഗ്‌ടൺ: സ്വന്തം ചോരയിലുള്ള കുട്ടികളെക്കൊണ്ട് ലോകം നിറയ്ക്കാനുള്ള നീക്കത്തിലാണ് ശതകോടീശ്വരനും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക് എന്ന് റിപ്പോർട്ട്. ഇതിനായി സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അമ്മമാരെ റിക്രൂട്ട് ചെയ്യുകയാണ് മസ്‌ക്. പ്രക്രിയ വേഗത്തിലാക്കാൻ വാടകഗ‌‌ർഭധാരണമാണ് മസ്‌ക് തിരഞ്ഞെടുക്കുന്നത്.

ലോകാവസാനത്തിന് മുൻപ് ലോകം മുഴുവൻ തന്റെ കുട്ടികളെക്കൊണ്ട് നിറയ്ക്കണമെന്ന് മസ്‌ക് പറഞ്ഞതായി മസ്‌കിന്റെ 13ാം കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശപ്പെടുന്ന ആഷ്‌ലി സെന്റ് ക്ളെയർ വെളിപ്പെടുത്തി. പണവും കർശനമായ രഹസ്യ ഇടപാടുകളും ഉപയോഗിച്ചാണ് മസ്‌കിന്റെ ട‌ീം ഈ നീക്കം നടത്തുന്നതെന്നും ആഷ്‌‌ലി വ്യക്തമാക്കി.

ജനനനിരക്ക് കുറയുന്നത് മനുഷ്യന് വലിയ വെല്ലുവിളികൾ ഉയർത്തുമെന്നാണ് മസ്‌കിന്റെ വാദം. ജനസംഖ്യ വളർന്നില്ലെങ്കിൽ നാഗരികത തകരുമെന്നും മസ്‌ക് അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ ഭാവി സംരക്ഷിക്കാൻ ബുദ്ധിമാന്മാരായ ആളുകൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാർച്ചിൽ തന്റെ പതിനാലാമത്തെ കുഞ്ഞിനെ മസ്‌ക് വരവേറ്റിരുന്നു. മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് ഡയറക്ടറുമായ ഷിവോൺ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും നാലാമത്തെ കുഞ്ഞാണിത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. സിലിസിലുണ്ടായ മറ്റൊരു മകളായ അർക്കേഡിയയുടെ പിറന്നാൾ ദിനത്തിലാണ് മകൻ പിറന്നത്. 2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരട്ടക്കുട്ടികളെയാണ് ഇരുവരും ആദ്യമായി വരവേറ്റത്. മസ്‌കിനും മറ്റൊരു പങ്കാളിയായ ഗായിക ഗ്രിംസിനും മകൾ പിറന്ന് വെറും ആഴ്‌കൾക്ക് മുൻപായിരുന്നു ഇത്. ഗ്രിംസിൽ മൂന്ന് കുഞ്ഞുങ്ങളാണ് മസ്‌കിനുള്ളത്. മൂന്ന് പങ്കാളികളിലായി മസ്‌കിന് 12 കുട്ടികളാണിപ്പോഴുള്ളത്. മുൻഭാര്യ ജസ്റ്റിൻ വിൽസണിൽ നിന്നാണ് 2002ൽ മസ്‌കിന് ആദ്യ കുട്ടിയായ നെവാഡ അലക്‌സാണ്ടർ ജനിച്ചത്. എന്നാൽ മസ്‌കിന് 14ൽ കൂടുതൽ മക്കളുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. ജപ്പാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സമീപിച്ചതിനെത്തുടർന്ന് മസ്‌ക് ജപ്പാനിലെ പ്രമുഖയായ ഒരു യുവതിക്ക് ബീജം നൽകിയതായും റിപ്പോർട്ടുകളുണ്ട്.