'ഞങ്ങൾ ഇന്ത്യ അല്ലല്ലോ, ഇന്ധന ശേഖരമുള്ളത് വെറും ഏഴ് ദിവസത്തേയ്ക്ക് മാത്രം'; ദുരിതം വെളിപ്പെടുത്തി പാക് മന്ത്രി

Saturday 02 May 2026 3:58 PM IST

ഇസ്‌ലാമാബാദ്: ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരവേ ഇന്ത്യയെപ്പോലെ തങ്ങൾക്ക് തന്ത്രപ്രധാനമായ എണ്ണ ശേഖരമില്ലെന്ന് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് അടച്ചതിന്റെയും പശ്ചാത്തലത്തിൽ ബാരലിന് വില 126 ഡോളറായി ഉയർന്നിരുന്നു.

'നമ്മുടെ പക്കൽ വാണിജ്യ കരുതൽ ശേഖരം മാത്രമേയുള്ളൂ. ഏഴുദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ മാത്രമാണ് പാകിസ്ഥാനിൽ ശേഷിക്കുന്നത്. അതേസമയം, ഇന്ത്യയുടെ പക്കൽ 70 ദിവസത്തേയ്ക്ക് വരെയുള്ള കരുതൽ ശേഖരമുണ്ട്. ഇന്ത്യയുടെ കൈവശം 600 അറബ് ഡോളറിന്റെ കരുതൽ ശേഖരം മാത്രമല്ല, തന്ത്രപരമായ കരുതൽ ശേഖരവും അവർ നിലനിർത്തുന്നു. ഇത് ഇന്ത്യയെ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്നു. എണ്ണവില കുതിച്ചുയരുന്നതിനനുസരിച്ച് നികുതി കുറയ്ക്കുന്നതുൾപ്പെടെ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ഇന്ത്യക്ക് കഴിയും.

ഡീസൽ വില നാലിരട്ടി വരെ വർദ്ധിച്ചതോടെ ഡീസലിന്റെ ലെവി പൂജ്യമാക്കി കുറയ്ക്കാനും മുഴുവൻ ഉപഭോഗവും പെട്രോളിലേക്ക് മാറ്റാനും ആലോചനയുണ്ട്. മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് സബ്‌സിഡി നൽകാനും തീരുമാനമായി'- മന്ത്രി വ്യക്തമാക്കി.

പാകിസ്ഥാനിൽ 42.7 ശതമാനമാണ് ഇന്ധന വില വർദ്ധിച്ചത്. 321.17 രൂപയിൽ നിന്ന് 458.41 ആയി ഉയർന്നു. ഇത് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പെട്രോൾ വില ലിറ്ററിന് 80 രൂപ കുറച്ച് 378 രൂപയിൽ എത്തിച്ചു. അതേസമയം, ഡൽഹിയിൽ ഇന്നത്തെ ഇന്ധന വില പെട്രോൾ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്.