നടിയുമായുള്ള ചാറ്റ് കയ്യോടെ പൊക്കി: ക്യാമറയ്ക്ക് മുന്നിൽ ഫ്രഞ്ച് പ്രസിഡന്റിന് ഭാര്യയുടെ തല്ല്
പാരീസ്: വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെ വിമാനത്തിൽ നിന്നിറങ്ങുന്നതിന് തൊട്ടുമുൻപ് ഭാര്യ ബ്രിജിത്ത് പിടിച്ചുതള്ളുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം നടന്ന സംഭവത്തിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ അടങ്ങിയ ‘ആൻ (ഓൾമോസ്റ്റ്) പെർഫക്ട് കപ്പിൾ’ എന്ന പുസ്തകമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു നടിയുമായുള്ള മാക്രോണിന്റെ ബന്ധം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഭാര്യ ബ്രിജിത്ത് അദ്ദേഹത്തോട് അങ്ങനെ പ്രതികരിച്ചത് എന്നാണ് ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകനായ ഫ്ളോറിയൻ ടാർഡിഫിന്റെ പുസ്തകത്തിൽ പറയുന്നത്.
ഇറാൻ വംശജയും നാൽപ്പത്തിരണ്ടുകാരിയുമായ ഫ്രഞ്ച് നടി ഗോൽഷിഫ്തേ ഫറഹാനിയുമായി മക്രോണിന് ബന്ധമുണ്ടായിരുന്നതായാണ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. ഇരുവരും തമ്മിൽ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. മാക്രോണും നടിയും പരസ്പരം അയച്ച സന്ദേശങ്ങൾ ബ്രിജിത്ത് കണ്ടതിനെ തുടർന്നാണ് വിമാനത്തിൽവച്ച് തർക്കമുണ്ടായതെന്നും അദ്ദേഹത്തെ പിടിച്ചുതള്ളിയതെന്നുമാണ് ഫ്ളോറിയൻ ടാർഡിഫ് പുസ്തകത്തിൽ പറയുന്നത്. 73 വയസുള്ള ബ്രിജിത്തും 48 വയസുകാരനായ മാക്രോണും തമ്മിലുള്ള വിവാഹം മുമ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 25 വയസാണ്. 2007ലാണ് ഇരുവരും വിവാഹിതരായത്. മാക്രോണിന്റെ മുൻ അദ്ധ്യാപികയായിരുന്നു ബ്രിജിത്ത്.
വിയറ്റ്നാമിലെത്തിയ ശേഷം വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുമ്പാണ് ബ്രിജിത്ത് മാക്രോണിന്റെ മുഖത്ത് പിടിച്ചുതള്ളിയത്. തുടർന്ന് ഒരു നിമിഷം പിന്നോട്ട് മാറിയ ശേഷം വിമാനത്തിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചുകൊണ്ട് ക്യാമറകൾക്കുനേരെ കൈവീശി കാണിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിൽ നിന്നിറങ്ങിയെങ്കിലും പ്രസിഡന്റിന്റെ കൈപിടിക്കാൻ ബ്രിജിത്ത് കൂട്ടാക്കിയില്ല. ഈ സംഭവത്തിനെ ആസ്പദമാക്കിയുള്ള ഫ്ളോറിയൻ ടാർഡിഫിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ഇമാനുവൽ മാക്രോണും ഭാര്യയും പൂർണമായും നിഷേധിച്ചു. തങ്ങൾക്കിടയിലുണ്ടായ തമാശയെ ഇത്തരത്തിൽ വളച്ചൊടിക്കുകയായിരുന്നുവെന്ന് മാക്രോൺ പ്രതികരിച്ചു. ഗോൽഷിഫ്തേ ഫറഹാനിയും ഇതുസംബന്ധിച്ച വാർത്തകൾ തള്ളിക്കളഞ്ഞു.