ന്യൂഡൽഹി: പരമ്പരാഗത രോഗങ്ങളിൽ ചിലത് ഡോക്‌ടർമാർക്ക് തടയാനാകാത്ത വിധം ലോകമെമ്പാടും വ്യാപിക്കുന്നതായി പുതിയ പഠനം. ഇംഗ്ളണ്ട്, വെയിൽസ്, ദക്ഷിണ അയർലൻഡ് എന്നിവിടങ്ങളിൽ ടൈഫോയ്‌ഡ്, പാരടൈഫോയ്‌ഡ് കേസുകൾ വർദ്ധിക്കുന്നതായാണ് യുകെ ആരോഗ്യസുരക്ഷാ ഏജൻസിയുടെ (യുകെഎച്ച്‌എസ്എ) പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം 702 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023ൽ നിന്ന് എട്ട് ശതമാനം വർദ്ധനവാണ് ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന വാർഷിക റെക്കാഡും ഇതുതന്നെയാണ്.
സാൽമോണെല്ല ബാക്‌ടീരിയ പരത്തുന്ന രോഗങ്ങളാണ് ടൈഫോയ്‌ഡും പാരടൈഫോയ്‌ഡും. വൃത്തിഹീനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഇത് പകരുന്നത്. മരുന്നുകളെ തടയാൻ ശേഷിയുള്ള ടൈഫോയ്‌ഡ് ആണ് പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ പകരുന്നതെന്നത് ആശങ്കയുയർത്തുന്നുവെന്നും യുകെയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
പ്രതിവർഷം ലോകത്താകമാനം 13 ദശലക്ഷം ടൈഫോയ്‌ഡ്, പാരടൈഫോയ്‌ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും 133,000ൽ അധികം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്‌കൂൾ കുട്ടികളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. പല വികസിത രാജ്യങ്ങളും ഈ ഉയർന്നുവരുന്ന ആശങ്ക അവഗണിക്കുകയാണെങ്കിലും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഈ കണക്കുകൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല.
സാൽമോണെല്ല ബാക്‌ടീരിയയ്ക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിക്കുകയാണെന്നാണ് പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്നവയെ പ്രതിരോധശേഷി കൂടിയ സാൽമോണെല്ല വകഭേദങ്ങൾ വേഗത്തിൽ മാറ്റിസ്ഥാപിക്കുന്നതാണ് ആശങ്ക ഉയർത്തുന്നത്. നിലവിൽ, ടൈഫോയിഡിനുള്ള ഫലപ്രദമായ ഏക ചികിത്സ ആന്റിബയോട്ടിക്കുകൾ മാത്രമാണ്. എന്നാൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, സാധാരണയായി ഉപയോഗിക്കുന്ന ഓറൽ ആന്റിബയോട്ടിക്കുകളോടുള്ള സാൽമോണെല്ലയുടെ പ്രതിരോധശേഷി വർദ്ധിക്കുകയും വ്യാപിക്കുകയും ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |