പാകിസ്ഥാനിലെ ആദ്യ ഹിന്ദു പൊലീസ് ഓഫീസറായി ചരിത്രം സൃഷ്ടിച്ച് രാജേന്ദർ മേഘ്‌വാർ, ഉയർന്ന റാങ്കിൽ നിയമനം

Sunday 08 December 2024 12:29 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ഹിന്ദു പൊലീസ് ഓഫീസറായി ചുമതലയേറ്റ് രാജേന്ദർ മേഘ്‌വാർ. പൊലീസ് സർവീസ് ഒഫ് പാകിസ്ഥാനിലെ ആദ്യ ഹിന്ദു ഓഫീസറായി ചുമതലയേറ്റ രാജേന്ദർ ഫൈസലാബാദിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് (എഎസ്‌പി) ആയാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. പാകിസ്ഥാനിൽ ഇൻസ്‌പെക്‌ടർ, സബ് ഇൻസ്‌പെക്ടർ തസ്‌തികകളിൽ ഹൈന്ദവ സമൂഹത്തിൽ നിന്നുള്ളവരുണ്ടെങ്കിലും ആദ്യമായാണ് ഒരു ഹിന്ദുമതസ്ഥൻ ഉയർന്ന തസ്‌തികയിലെത്തുന്നത്.

പാകിസ്ഥാൻ സിന്ധിലെ ബദിൻ ജില്ലാ സ്വദേശിയാണ് രാജേന്ദർ. കോംപെറ്റെറ്റീവ് സിവിൽ സർവീസ് പരീക്ഷ എഴുതി പാസായാണ് രാജേന്ദർ പാകിസ്ഥാൻ പൊലീസിന്റെ ഭാഗമായത്. പൊലീസ് വകുപ്പിൽ സേവനമനുഷ്ഠിക്കുന്നതിലൂടെ താഴെത്തട്ടിലുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് രാജേന്ദർ പറയുന്നു. മറ്റ് വകുപ്പുകളിൽ ഇത് സാദ്ധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജേന്ദ‌ർ മേഘ്‌വാറിന്റെ നിയമനം പാകിസ്ഥാൻ പൊലീസിൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഒരു ഹിന്ദു ഓഫീസർ സേനയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. പൊലീസ് സേനയിൽ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്നതിന് ഇത് സഹായകമാവും. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

രാജേന്ദറിന്റെ നിയമനം വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തിന് അഭിമാനത്തിന്റെ നിമിഷം കൂടിയാണെന്ന് പാകിസ്ഥാൻ ഹിന്ദു മന്ദിർ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൃഷൻ ശർമ്മ പറഞ്ഞു. രാജ്യത്തെ സിവിൽ സ്ഥാപനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.