യുഎഇയിൽ മോദിക്ക് ഊഷ്മള സ്വീകരണം: ആദരവ് നൽകിയത് എഫ് 16 ഫൈറ്റർ ജെറ്റുകൾ

Friday 15 May 2026 4:20 PM IST

ന്യൂഡൽഹി: അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫൈറ്റർ ജെറ്റുകൾ വിന്യസിച്ച് സ്വീകരിച്ച് യു.എ.ഇ. എയർ ഇന്ത്യ വൺ വിമാനത്തിലാണ് മോദി ഇന്ന് യു.എ.ഇ.യിലെത്തിയത്. വിമാനം യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോഴാണ് മോദിക്ക് ആദരവർപ്പിച്ച് എഫ്16 ഫൈറ്റർ ജെറ്റുകൾ അനുഗമിച്ചത്.

യുഎഇ വ്യോമസേനയുടെ എഫ്16 ബ്ലോക്ക് 60 'ഡെസേർട്ട് ഫാൽക്കൺ' ഫൈറ്റർ ജെറ്റുകളാണ് മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തിയത്. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ മോദിയെ സ്വാഗതംചെയ്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. യു.എ.ഇ. നൽകിയ വരവേൽപ്പിന് മോദി നന്ദിയറിയിച്ചു.

അമേരിക്കൻ എഫ്16 യുദ്ധവിമാന നിരയിലെ ഏറ്റവും ശ്രദ്ധേയമായ വകഭേദങ്ങളിൽ ഒന്നാണ് യുഎഇ വ്യോമസേനയ്ക്കായി വികസിപ്പിച്ച എഫ്16 ബ്ലോക്ക് 60.എഫ്16 സി/ഡി ബ്ലോക്ക് 50/52 അടിസ്ഥാനമാക്കി രൂപകൽപന ചെയ്ത ഈ പതിപ്പ്, മെച്ചപ്പെട്ട റഡാർ, അത്യാധുനിക ഏവിയോണിക്സ്, കോൺഫോർമൽ ഫ്യൂവൽ ടാങ്കുകൾ എന്നിവയിലൂടെ മുൻ പതിപ്പുകളെക്കാൾ വലിയ സാങ്കേതിക മുന്നേറ്റമാണ് കാഴ്ചവച്ചത്. യു.എസ് സ്വന്തമായി ഉപയോഗിക്കുന്ന എഫ്16 പതിപ്പുകളേക്കാൾ മെച്ചപ്പെട്ട പതിപ്പ് വിദേശരാജ്യത്തിന് നൽകുന്ന അപൂർവ സംഭവമായി ഇതിനെ വിലയിരുത്തപ്പെട്ടിരുന്നു.

പശ്ചിമേഷ്യയിലെ അശാന്തിയെത്തുടർന്നുള്ള ആഗോള ഊർജ പ്രതിസന്ധിക്കിടെയാണ് മോദി അബുദാബിയിലെത്തിയത്. ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ യാത്ര. വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ഇരുരാജ്യത്തെ നേതാക്കൾ തമ്മിൽ ചർച്ചചെയ്തു.

എൽ.പി.ജി, സ്ട്രാറ്റജിക് പെട്രോളിയം റിസർവുകൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസ്സുമാണ് യു.എ.ഇ. ഇവിടത്തെ സന്ദർശനത്തിനുശേഷം നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കും.