ലോസ്ആഞ്ചലസ്: വീണ്ടും ഒരു വാലന്റൈൻസ് ഡേ കൂടി വരികയാണ്. വാലന്റൈൻസ് ഡേയുടെ മുന്നോടിയായി ഫെബ്രുവരി 7 മുതൽ വാലന്റൈൻസ് വീക്ക് ആചരണവും തുടങ്ങിക്കഴിഞ്ഞു. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, വാലന്റൈൻസ് ഡേ...ഇങ്ങനെയാണ് വാലന്റൈൻസ് വീക്കിലെ ഓരോ ദിവസങ്ങളും അറിയപ്പെടുന്നത്. ഇപ്രകാരം നാളെ ടെഡി ഡേയാണ്. വാലന്റൈൻസ് വീക്കിലെ ഏറ്റവും ക്യൂട്ടായിട്ടുള്ള ഡേ. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള പാവയാണ് ടെഡി ബിയർ. കാഴ്ചയിൽ പാവം ലുക്കുള്ള ഓമനത്തമുള്ള ഈ കരടിക്കുട്ടൻമാരെ സമ്മാനമായി കിട്ടാൻ ആരാണ് ആഗ്രഹിക്കാത്തത്. ? പക്ഷേ, ഈ ടെഡി ബിയറിനെ എന്താണ് ഇത്ര സ്പെഷ്യലാക്കുന്നത്. ?
ആരാണ് ടെഡി
യു.എസ് പ്രസിഡന്റായിരുന്ന തിയഡോർ റൂസ്വെൽറ്റിന്റെ പേരാണ് ടെഡി ബിയറിന് ലഭിച്ചിരിക്കുന്നത്. തിയഡോർ അറിയപ്പെട്ടിരുന്നത് ' ടെഡി " എന്നായിരുന്നു. 1902ൽ മിസിസിപ്പിയിൽ നായാട്ടിനിടെ ഒരു കരടിക്കുട്ടിയെ കൊല്ലാൻ ടെഡി വിസമ്മതിച്ചു. പിന്നീട് അത് ഒരു ന്യൂസ്പേപ്പറിൽ കാർട്ടൂൺ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഇക്കാര്യം ജനങ്ങൾ അറിഞ്ഞു. 1902 നവംബർ 16ന് വാഷിംഗ്ടൺ പോസ്റ്റിലാണ് ക്ലിഫോഡ് ബെറിമാൻ വരച്ച ആ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ നഗരത്തിലെ കട നടത്തിയിരുന്ന മോറിസ് മിക്റ്റം ഇത് ശ്രദ്ധിച്ചു. അദ്ദേഹത്തിനൊരു ഐഡിയ തോന്നി. ഓമനത്തമുള്ള ഒരു കരടി പാവയായിരുന്നു അത്. താൻ നിർമ്മിച്ച ആ കരടിപ്പാവയ്ക്ക് തിയഡോറിന്റെ അനുവാദത്തോടെ അദ്ദേഹം പേരിട്ടു ; ടെഡി ബിയർ. !
ആർക്റ്റോഫൈൽ
ടെഡി ബിയറുകളോട് കടുത്ത ഇഷ്ടമുള്ളവരെയോ അവയെ ശേഖരിക്കുന്നവരെയോ പൊതുവെ ' ആർക്റ്റോഫൈൽ " ( arctophile ) എന്നാണ് വിശേഷിപ്പിക്കുന്നത്. ആർക്റ്റോസ് ( കരടി ) ഫിലോസ് ( സ്നേഹമുള്ളത് ) എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ആർക്റ്റോഫൈൽ എന്ന വാക്കുണ്ടായത്.
മഗെല്ലൻ ടി. ബിയർ
ലോകത്തിന്റെ എല്ലാ കോണിലും മാത്രമല്ല, അങ്ങ് ബഹിരാകാശത്തുണ്ട് നമ്മുടെ ടെഡിയ്ക്ക് പിടി.! ബഹിരാകാശത്ത് എത്തിയ ആദ്യം ടെഡി ബിയറാണ് ' മഗെല്ലൻ ടി. ബിയർ ". 1995ൽ ഡിസ്കവറി സ്പേസ് ഷട്ടിലിൽ നാസയാണ് മഗെല്ലനെ ബഹിരാകാശത്ത് എത്തിച്ചത്.
റോഫ
2017 ജൂണിൽ ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോഫ എന്ന ടെഡി ബിയറിനെ ബലൂണിൽ ഘടിപ്പിച്ച് 30,480 മീറ്റർ ഉയരത്തിൽ ആകാശത്ത് എത്തിച്ചിരുന്നു. ഭൂമിയിലേക്ക് തിരിച്ചിറക്കുന്നതിന് മുന്ന് 4.5 മണിക്കൂർ റോഫ ആകാശത്ത് ഒഴുകി നടന്നു.
കൂറ്റൻ ടെഡി
2019ൽ ഏപ്രിലിൽ നിർമ്മിക്കപ്പെട്ട 63 അടി 8 ഇഞ്ച് നീളമുള്ള ടെഡി ബിയറിനാണ് നിലവിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ടെഡി ബിയർ എന്ന ഗിന്നസ് റെക്കാഡ് അലങ്കരിക്കുന്നത്. മെക്സിക്കോയിലെ സൊനാകാറ്റ്ലാനിലെ ഒരു സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച ഈ ടെഡിയുടെ നിർമ്മാണത്തിന് കടകളിൽ ലഭ്യമാകുന്ന സാധാരണ ടെഡി ബിയറുകളെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ വസ്തുക്കൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
റിച്ച് ടെഡി
ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ലൂയി വീറ്റണും ജർമ്മൻ കളിപ്പാട്ട കമ്പനിയായ സ്റ്റൈഫും ചേർന്നാണ് ലോകത്തെ ഏറ്റവും വില കൂടിയ ടെഡി ബിയറിനെ നിർമ്മിച്ചത്. 2000 ഒക്ടോബറിൽ 182,550 ഡോളറിനാണ് ( ഏകദേശം 1,35,00,000 രൂപയോളം ) ഇത് വിറ്റത്. 17 ഇഞ്ച് ആണ് ഈ ടെഡിയുടെ ഉയരം.
ഇത്തിരിക്കുഞ്ഞൻ
വെറുതെ നോക്കിയാൽ പോരാ.... അതിസൂഷ്മമായി നോക്കണം. കൈയ്യിൽ ലെൻസുണ്ടെങ്കിൽ ഉത്തമം. ! കാരണം, ലോകത്തെ ഏറ്റവും ചെറിയ ഹാൻഡ്മെയ്ഡ് ടെഡി ബിയറാണിത്. വെറും 9 മില്ലിമീറ്ററാണ് ഇതിന്റെ വലിപ്പം. 2003ൽ സൗത്ത് ആഫ്രിക്ക സ്വദേശി ചെറിൽ മോസ് ആണ് ഇത് നിർമ്മിച്ചത്.
മ്യൂസിയം
1984ൽ ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലെ പീറ്റേഴ്സ്ഫീൽഡിലാണ് ആദ്യമായി ടെഡി ബെയറിനായി മ്യൂസിയം തുടങ്ങിയത്. 2006ൽ ഇത് അടച്ചിരുന്നു. പിന്നീട് യു.കെ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ടെഡികൾക്കായി മ്യൂസിയങ്ങൾ തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |