ലണ്ടൻ:യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമർ സെലെൻസ്‌കി ഇന്നലെ യു.കെയിലെത്തി. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത്. റഷ്യയുമായുള്ള പോരാട്ടത്തിന് കൂടുതൽ ആയുധങ്ങൾ സമാഹരിക്കുക കൂടിയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എം.പിമാരെ അഭിസംബോധന ചെയ്ത അദ്ദേഹം വികാരഭരിതനായാണ് സംസാരിച്ചത്. യു.കെയുടെ പോർവിമാനങ്ങളും ടാങ്കുകളും യുക്രെയിന് വിട്ടു നൽകണമെന്ന്
തുടർന്ന് സംസാരിച്ച മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു.
സെലെൻസ്കിക്ക് ബ്രിട്ടൺ സന്ദർശിക്കാനായത് യുക്രെയിനിന്റെ ചെറുത്തുനിൽപ്പിന്റെ സ്ഥൈര്യം തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തകർക്കാനാവാത്ത ബന്ധത്തിന്റെ തെളിവ് കൂടിയാണിത്. ഫൈറ്റർ ജെറ്റ് പൈലറ്റുമാരുടെയും നാവികരുടെയും പരിശീലനം ഉൾപ്പെടെ വിപുലമായ സഹായം യുക്രെയിന് നൽകും. 10,000 സൈനികരാണ് ആറുമാസമായി ബ്രിട്ടണിൽ പരിശീലനം നേടുന്നത്. അടുത്ത ബാച്ചിൽ 20,000 സൈനികർക്ക് പരിശീലനം നൽകുമെന്നും സുനക് പറഞ്ഞു. ചാൾസ് മൂന്നാമൻ രാജാവിനെയും അദ്ദേഹം സന്ദർശിച്ചു. അടുത്ത ദിവസം സെലെൻസ്കി പാർലമെന്റിനെ അഭിസംബോധന ചെയ്യും. ബ്രിട്ടനിൽ പരിശീലനം നടത്തുന്ന യുക്രെയിൻ സൈനികരെയും സെലെൻസ്‌കി സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |