കാൻബെറ: ചൈനീസ് നിരീക്ഷണ കാമറകളെ സർക്കാർ കെട്ടിടങ്ങളിൽ നിന്ന് നീക്കാനൊരുങ്ങി ഓസ്ട്രേലിയ. ബലൂണുകൾ ഉപയോഗിച്ച് ചൈന ചാരപ്രവർത്തനങ്ങൾ നടത്തുന്നെന്ന യു.എസിന്റെ ആരോപണങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് നീക്കം. ദേശീയ സുരക്ഷ മുൻനിറുത്തിയാണ് എല്ലാ സർക്കാർ കെട്ടിടങ്ങളിൽ നിന്നും ചൈനീസ് നിർമ്മിത കാമറകൾ ഒഴിവാക്കുന്നത്. അടുത്തിടെ നടത്തിയ ഓഡിറ്റിൽ ചൈനീസ് കമ്പനികൾ നിർമ്മിച്ച 900 നിരീക്ഷണ ഉപകരണങ്ങൾ വിദേശകാര്യം, പ്രതിരോധമടക്കം വിവിധ സർക്കാർ മേഖലകളിലെ 200ലേറെ കെട്ടിടങ്ങളിൽ കണ്ടെത്തിയിരുന്നു. യു.എസ്, യു.കെ എന്നീ രാജ്യങ്ങൾ ദേശീയ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ വർഷം ചൈനീസ് കാമറകളെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ ഉപകരണങ്ങളിൽ നിന്നുള്ള ഡേറ്റകൾ ചൈനീസ് ഭരണകൂടവുമായി പങ്കുവയ്ക്കാൻ കമ്പനികൾ നിർബന്ധിതരായേക്കാമെന്നാണ് ആശങ്ക. എന്നാൽ ഇത്തരം ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നാണ് ചൈനീസ് കമ്പനികളുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |