SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.08 PM IST

കനൽ പെയ്ത കാലം, യുക്രെയി​നുമീതേ റഷ്യൻ ധാർഷ്ട്യത്തി​ന്റെ ഒരാണ്ട്

ukraine

റഷ്യൻ സൈനിക ടാങ്കുകൾ യുക്രെയിൻ മണ്ണിൽ കടന്നുകയറിയിട്ട് ഫെബ്രുവരി 24ന് ഒരുവർഷം തികയുന്നു. ഇത് യുദ്ധമാണോ, അതിർത്തി തർക്കമാണോ അതോ അധിനിവേശമാണോ എന്ന കാര്യത്തിൽ ഇന്നും പലർക്കും സംശയമുണ്ട്. ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ അതിർത്തിക്കകത്തേക്ക് മറ്റൊരു രാജ്യത്തിന്റെ സൈനിക കടന്നുകയറ്റം തീർച്ചയായും അധിനിവേശമാണ്. അമേരിക്ക ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും നടത്തിയത് സാമ്രാജ്യത്വ കടന്നുകയറ്റങ്ങളായി പരിഗണിക്കാമെങ്കിൽ റഷ്യയുടെ നീക്കങ്ങളും മറ്റൊന്നല്ല.

റഷ്യൻ പ്രസിഡന്റ് വ്ളാടിമിർ പുടിന്റെ അഭിപ്രായത്തിൽ, യുക്രെയിൻ റഷ്യാവിരുദ്ധ നാറ്റോ ചേരിയിൽ അംഗമാകുന്നത് തടയുക, യുക്രെയിനിനകത്തെ റഷ്യൻ വംശജരുടെ സംരക്ഷണം എന്നിവയായിരുന്നു സൈനിക നടപടിക്ക് കാരണം. ഇത് ഇന്ന് എവിടെ എത്തിനില്‌ക്കുന്നു. ആരംഭദശയിൽ സൈനികമായി മുന്നേറ്റം സാദ്ധ്യമായെങ്കിലും യുക്രെയിൻ പ്രത്യാക്രമണങ്ങളിൽ പിടിച്ചെടുത്ത പല നഗരങ്ങളും പിന്നീട് കൈവിട്ടുപോയി. വലിയ സൈനിക ശക്തിയായി കണക്കാക്കപ്പെടുന്ന റഷ്യയുടെ സൈനിക ശക്തിയുടെ പ്രഹരശേഷി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. ആയുധങ്ങളുടെ കയറ്റുമതിക്കാരായ റഷ്യയെ സംബന്ധിച്ച് ഇത് നല്ല വാർത്തയല്ല.

അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരി ഏർപ്പെടുത്തിയ ഉപരോധങ്ങൾ റഷ്യയെ സാമ്പത്തികമായും സാമൂഹികമായും തളർത്തിയിട്ടുണ്ട്. ഒളിമ്പിക്സിൽ അടക്കം റഷ്യൻ താരങ്ങളെ വിലക്കാനുള്ള തീരുമാനങ്ങളാണ് വരാനിരിക്കുന്നത്.

യുക്രെയിനെ സംബന്ധിച്ച് പൂർണമായും പാശ്ചാത്യ ശക്തികളെ ആശ്രയിച്ചാണ് യുദ്ധത്തിൽ നിലനില്‌ക്കുന്നത്. പ്രസിഡന്റ് സെലൻസ്‌കിക്ക് നായക പരിവേഷമാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ ചാർത്തിക്കൊടുക്കുന്നതെങ്കിലും സാധാരണക്കാരുടെ കാര്യം ദുരിതത്തിലാണ്. കയറ്റുമതി നിലച്ച് വിദേശ സഹായത്തിനായി കാത്തിരിക്കുന്നു. ലക്ഷങ്ങളാണ് അഭയാർത്ഥികളായി പലായനം ചെയ്തത്. യുദ്ധം എന്ന് അവസാനിക്കും എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. ഗോതമ്പ്, എണ്ണക്കുരുക്കൾ എന്നിവയുടെ ഉത്‌പാദനത്തിൽ ലോകത്തിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന രാജ്യമിന്ന് യുദ്ധാവശിഷ്ടങ്ങൾ നിറഞ്ഞ് മണ്ണ് കൂടി യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഏറ്റുമുട്ടലുകളിൽ നാശനഷ്ടങ്ങൾ ഏറെ സംഭവിച്ച തെക്കൻ, കിഴക്കൻ പ്രദേശങ്ങളാണ് രാജ്യത്ത് ഏറ്റവും ഫലഭൂയിഷ്ടമായിട്ടുള്ളത്. യുദ്ധരംഗത്താണെങ്കിൽ, മറ്റു സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന യുദ്ധോപകരണങ്ങളുടെ ചെറിയ ഒരംശം മാത്രമാണ് ലഭ്യമാകുന്നത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൺ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവരാണ് റഷ്യൻ ഉപരോധം ഏർപ്പെടുത്തുന്നതും യുക്രെയിനെ സഹായിക്കുന്നതും. ഇവരുടെ ആത്യന്തിക ലക്ഷ്യം റഷ്യയെ തടയുക എന്നുള്ളതാണ്. നീണ്ടുപോകുന്ന യുദ്ധം സാമ്പത്തികമായും സൈനികമായും റഷ്യയെ ദുർബലപ്പെടുത്തും എന്നു കണക്കുകൂട്ടുന്ന ഇവർക്ക് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നത് മുഖ്യ അജൻഡയല്ല.

ലോക ശാക്തിക ബലാബലത്തിന്റെ കാര്യമെടുത്താൽ, രണ്ടാം ലോക മഹായുദ്ധാനന്തരം ലോകം രണ്ട് ശാക്തിക ചേരികളായി തിരിഞ്ഞിരുന്നു. തൊണ്ണൂറുകളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് കമ്മ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ ശീതയുദ്ധം അവസാനിച്ചു എന്നാണ് കണക്കാക്കുന്നതെങ്കിലും. ശീതയുദ്ധത്തിന്റെ അവശേഷിപ്പുകൾ, ഉത്സവം കഴിഞ്ഞാലും പൊട്ടാതെ കിടക്കുന്ന പടക്കങ്ങൾ പുകയുന്ന പോലെ ലോകത്തിന്റെ പല ഭാഗത്തും പുകഞ്ഞുകൊണ്ടിരുന്നു. യുക്രെയിൻ വിഷയത്തിൽ പക്ഷേ അത് അമേരിക്കൻ ഏകധ്രുവ ലോകമെന്ന കണക്കുകൂട്ടലുകളെ തിരുത്തിക്കുറിച്ചു. ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങൾ പക്ഷംപിടിക്കാതെ അവസരങ്ങൾ പരമാവധി മുതലാക്കാനിറങ്ങി. ഉറ്റസുഹൃത്തായ റഷ്യയെ പിണക്കാതെയും എന്നാൽ യുക്രെയിൻ പക്ഷത്തിന്റെ ശത്രുത ക്ഷണിച്ചുവരുത്താതെയുമുള്ള നിലപാടാണ് ഇന്ത്യയുടേത്.

റഷ്യയാണെങ്കിൽ ഒട്ടും വിട്ടുവീഴ്ചയ്ക്കില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ യുക്രെയിൻ സന്ദർശനത്തോട് പുടിൻ പ്രതികരിച്ചത് അമേരിക്ക - റഷ്യ ആണവായുധ സഹകരണ പദ്ധതിയായ സ്റ്റാർട്ടിൽ നിന്ന് പിൻവലിഞ്ഞാണ്. നേരിട്ട് യുക്രെയിൻ മണ്ണിൽ യുദ്ധത്തിനില്ല എന്നതാണ് അമേരിക്കൻ നയമെങ്കിലും ചൈന, റഷ്യ, ഇറാൻ കൂട്ടുകെട്ട് അമേരിക്കൻ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണ്.

ആരാണ് ഈ സംഘർഷങ്ങളിലെ വിജയികൾ? യുദ്ധങ്ങളിൽ എപ്പോഴും വിജയിക്കുന്നത് രാജാക്കൻമാരും രാജ്യങ്ങളുമാണ്. പരാജയപ്പെടുന്നത് ജനങ്ങളും. ഫെബ്രുവരി പകുതി വരെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ കണക്കെടുത്താൽ 72,000 ആളുകളാണ് മേഖലയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. എണ്ണം തീർച്ചയായും അധികമാകാനാണ് സാദ്ധ്യത. അംഗഭംഗം വന്നവർ, വീടും മറ്റ് ജീവിതമാർഗവും നഷ്ടപ്പെട്ടവർ എന്നിവർക്ക് യാതൊരു കണക്കുമില്ല.

യുദ്ധത്തിന്റെ ആത്യന്തിക ഇരകൾ വാസ്തവത്തിൽ യുക്രെയിനിലെ ഹതഭാഗ്യരായ ജനങ്ങൾ മാത്രമല്ല. യുദ്ധാനന്തരം ആഗോള വിപണിയിൽ ഉണ്ടായ പെട്രോളിയം, ഗ്യാസ് വിലക്കയറ്റം, ഭക്ഷ്യക്ഷാമം എന്നിവയിൽ നട്ടംതിരിഞ്ഞ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്ര‌ വിഭാഗങ്ങളാണ്. ശ്രീലങ്ക, പാകിസ്ഥാൻ... സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന രാജ്യങ്ങളുടെ പട്ടിക പെരുകുന്നു.

റഷ്യൻ സേനയെ പൂർണമായും സ്വന്തം മണ്ണിൽ നിന്ന് പുറത്താക്കി, ക്രൈമിയൻ ഉപദ്വീപ് കൂടി തിരിച്ചു പിടിച്ചാലേ പോരാട്ടം അവസാനിപ്പിക്കൂവെന്നാണ് ഇപ്പോൾ സെലൻസികിയുടെ നിലപാട്. ഇത് പുടിന് ആത്മഹത്യാപരമാണ്. സംഘർഷം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇരു വിഭാഗവും കൂടുതൽ ആളും അർത്ഥവും ആയുധങ്ങളും കോപ്പുകൂട്ടുന്ന കാഴ്ചയാണ്. ഇത് കാണിക്കുന്നത് മേഖലയിൽ വരാനിരിക്കുന്നത് കൂടുതൽ ചോര പുരണ്ട കലണ്ടർ ദിനങ്ങളുടെ വേനൽക്കാലമാണ് എന്നാണ്. അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുന്നു എന്ന കാരണം കൊണ്ട് മാത്രം റഷ്യയുടേത് അധിനിവേശമല്ലാതാകുന്നില്ല.

(ലേഖകൻ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, UKRAINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.