കറാച്ചി : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മന്ത്രിമാരുടെ ആർഭാട ജീവിതത്തിന് തടയിടുന്ന ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനയിലും പണപ്പെരുപ്പത്തിലും അതൃപ്തരായ ജനങ്ങൾ രാഷ്ട്രീയക്കാരുടെ ആർഭാട ജീവിതത്തിലേക്ക് വിരൽ ചൂണ്ടിയതോടെയാണ് പുതിയ നീക്കം.
സർക്കാരിന് പ്രതിവർഷം ഏകദേശം 20,000 കോടി പാകിസ്ഥാനി രൂപയുടെ ലാഭമുണ്ടാക്കുമെന്ന് കരുതുന്ന നിർദ്ദേശങ്ങളാണ് ഷെഹ്ബാസ് പ്രഖ്യാപിച്ചത്. ഇവ അടിയന്തരമായി നടപ്പാക്കുമെന്ന് ഷെഹ്ബാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂണിൽ നടക്കുന്ന ബഡ്ജറ്റിൽ കൂടുതൽ ചെലവുചുരുക്കൽ പദ്ധതികൾ പ്രഖ്യാപിക്കും.
മാളുകളിലും വലിയ മാർക്കറ്റുകളിലും ഊർജ ഉപഭോഗം കുറയ്ക്കാൻ വേണ്ടി നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ വൈദ്യുതി വിതരണം വിച്ഛേദിക്കേണ്ടി വരുമെന്ന് ഷെഹ്ബാസ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ എല്ലാ മാളുകളും മാർക്കറ്റുകളും രാത്രി 8.30ന് അടയ്ക്കണമെന്ന് ജനുവരിയിൽ സർക്കാർ ഉത്തരവിട്ടിരുന്നു. അതേ സമയം, പാകിസ്ഥാന് 700 മില്യൺ ഡോളർ വായ്പ നൽകുമെന്ന് ചൈന അറിയിച്ചു.
ചെലവ് ചുരുക്കൽ ഇങ്ങനെ
എല്ലാ ഫെഡറൽ കാബിനറ്റ് അംഗങ്ങളും മറ്റ് മന്ത്രിമാരും ഉപദേഷ്ടാക്കളും പ്രത്യേക അസിസ്റ്റന്റുമാരും രാജ്യത്തെ ട്രഷറിയിൽ നിന്ന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഒഴിവാക്കാൻ തയാറാകണം
ടെലിഫോൺ, വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങിയ ബില്ലുകൾ കാബിനറ്റ് അംഗങ്ങൾ സ്വന്തമായി അടക്കണം
കാബിനറ്റ് അംഗങ്ങളും സർക്കാർ ജോലിക്കാരും എല്ലാ ആഡംബര വാഹനങ്ങളും തിരികെ നൽകണം. ഇവ ലേലം ചെയ്യും
വിദേശ യാത്രകളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസം പാടില്ല
ആഭ്യന്തര, വിദേശ യാത്രകളിൽ സപ്പോർട്ട് സ്റ്റാഫുകളെ ഒഴിവാക്കി ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യണം
2024 ജൂൺ വരെ പുതിയ കാർ ഉൾപ്പെടെ ആഡംബര വസ്തുക്കൾ വാങ്ങുന്നതിൽ നിരോധനം
വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശത്തുള്ള ഓഫീസുകളുടെ എണ്ണം കുറയ്ക്കും
ഊർജം ലാഭിക്കാൻ വേനൽക്കാലത്ത് സർക്കാർ ഓഫീസുകൾ രാവിലെ 7.30ന് തുറക്കും
വിദേശ അതിഥികൾ, വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കുന്നത് ഒഴികെ എല്ലാ സർക്കാർ പരിപാടികളിലും കഴിക്കാൻ ഒറ്റ വിഭവം. ചായ സമയത്ത് ചായയ്ക്കൊപ്പം ബിസ്കറ്റ് മാത്രം
സർക്കാർ ഓഫീസർമാർക്ക് സുരക്ഷാ വാഹനങ്ങളില്ല
യാത്രാ ചെലവ് ചുരുക്കാൻ പരമാവധി ടെലികോൺഫറൻസ്
വിവിധ മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ, അവയുടെ ഉപ ഓഫീസുകൾ എന്നിവിടങ്ങളിലെ ചെലവ് 15 ശതമാനം കുറക്കും
ഭരണാധികാരികൾ, പാർലമെന്റ് അംഗങ്ങൾ, നയതന്ത്രജ്ഞർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ 300 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ കൈവശം വയ്ക്കാൻ പാടില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |