ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയെന്ന ഭീഷണി ഒരു ടിപ്പിക്കൽ ട്രംപിയൻ തന്ത്രമാണ്. ഡൊണാൾഡ് ട്രംപ് സാധാരണ പിന്തുടരുന്ന 'വടിയും കാരറ്റും' പരിപാടിയാണിത്. വടി കൊണ്ട് ചെറുതായി അടിക്കുക, തൊട്ടുപിന്നാലെ ആനുകൂല്യമായി ഒരു കാരറ്റ് കൊടുക്കുക. അങ്ങനെ കൂടിയാലോചനകളിലൂടെ ഒരു കരാറിലെത്തുക. ചുരുക്കത്തിൽ ഇന്ത്യയുമായി വിലപേശൽ നടത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ പുനരാരംഭിക്കുന്ന ഇന്ത്യ-യുഎസ് ചർച്ചകളിൽ കുറഞ്ഞ താരിഫിലുള്ള, ഏകദേശം 20 ശതമാനം തീരുവയുള്ള വ്യാപാര കരാർ ഉണ്ടായേക്കും.
ഇന്ന് അവസാനിക്കുന്ന തീരുവ ഇളവ് കാലാവധിക്ക് മുൻപായി അമേരിക്ക നിരവധി രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പു വച്ചിരുന്നു. യു.കെ 10 , 27 രാജ്യങ്ങളുൾപ്പെട്ട യൂറോപ്യൻ യൂണിയന് 15 , ജപ്പാൻ 15 , ദക്ഷിണ കൊറിയ 15 , ഇന്തോനേഷ്യ 19 , ഫിലിപ്പീൻസ് 19 , വിയറ്റ്‌നാം 20 എന്നിങ്ങനെയാണ് പുതിയ താരിഫ് ശതമാന നിരക്കുകൾ. ഈ രാജ്യങ്ങളൊക്കെ അമേരിക്കയ്ക്ക് കൂടുതൽ ആനുകൂല്യങ്ങളാണ് നൽകിയത്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏറെക്കുറെ നികുതി രഹിത വിപണി പ്രവേശനം ലഭിച്ചു.
ഇന്ത്യയും മറ്റു രാജ്യങ്ങളെ പോലെ ഇളവുകൾ നൽകി ഇടക്കാല വ്യാപാര കരാറിന് തയ്യാറായിരുന്നു. എന്നാൽ കാർഷിക മേഖലയിൽ, പ്രത്യേകിച്ച് ക്ഷീര രംഗത്ത് ഇളവ് നൽകാൻ ഇന്ത്യയ്ക്ക് പരിമിതിയുണ്ടായിരുന്നു. ട്രംപിന്റെ തീരുവ നടപടികൾ കയറ്റുമതി മേഖലയ്ക്ക് ഹ്രസ്വകാലത്തേക്ക് തിരിച്ചടി സൃഷ്‌ടിച്ചേക്കും. ഫാർമസ്യൂട്ടിക്കൽ മേഖലയ്‌ക്ക് തിരിച്ചടിയെ പ്രതിരോധിക്കാനുള്ള കെൽപ്പുണ്ട്. 25 ശതമാനം നികുതിയിൽ നിന്നും ഈ മേഖലയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പ്രത്യേക താരിഫ് സാദ്ധ്യത തിരിച്ചടിയായേക്കും. സ്വർണ, വജ്രാഭരണങ്ങൾ, ടെക്‌സ്‌റ്റയിൽസ്, വാഹന ഘടക ഭാഗങ്ങൾ, കെമിക്കലുകൾ തുടങ്ങിയ മേഖലകളെ ട്രംപിന്റെ അധിക തീരുവ നേരിട്ട് ബാധിക്കാനിടയുണ്ട്.
വ്യാപാര കമ്മി
നിലവിൽ ഇന്ത്യയുമായി 4,570 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് അമേരിക്കയ്ക്കുള്ളത്. ഇന്ത്യയുടെ കയറ്റുമതി കുത്തനെ കൂടുമ്പോഴും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി തുലോം കുറവാണ്. ഇറക്കുമതി തീരുവ കൂടുതലായതിനാലാണ് അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കാനാകാത്തതെന്ന് ട്രംപ് ആരോപിക്കുന്നു. കാർഷിക ഉത്പന്നങ്ങൾക്ക് 39 ശതമാനവും ആപ്പിൾ, ചോളം എന്നിവയ്ക്ക് 50 ശതമാനം വരെയും ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്.
2,030ൽ ഇന്ത്യ ലക്ഷ്യമിടുന്ന ഉഭയകക്ഷി വ്യാപാരം:
50, 000 കോടി ഡോളർ
2024ലെ വ്യാപാരം:
19,100 കോടി ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |