ടോക്കിയോ : സാഹിത്യ നോബൽ സമ്മാന ജേതാവായ ജാപ്പനീസ് എഴുത്തുകാരൻ കെൻസാബുറോ ഒയി അന്തരിച്ചു. 88 വയസായിരുന്നു. മാർച്ച് 3നായിരുന്നു അന്ത്യമെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. ആണവായുധങ്ങൾക്കെതിരെ തന്റെ എഴുത്തിലൂടെ അദ്ദേഹം ശബ്‌ദിച്ചു. ഭിന്നശേഷിക്കാരനായ മകൻ ഹികാരിയും അദ്ദേഹത്തിന്റെ കൃതികൾക്ക് പ്രചോദനമായി. 1994ലാണ് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്.
1935 ജനുവരി 31ന് ഷികോകുവിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് 1944ൽ അന്തരിച്ചു. തുടർന്ന് അമ്മയാണ് അദ്ദേഹത്തെ വളർത്തിയത്. ' ഹക്കിൾബറി ഫിൻ " അടക്കം പുസ്തകങ്ങൾ വാങ്ങി നൽകിയ അമ്മ അദ്ദേഹത്തെ വായനയുടെ ലോകത്തേക്ക് നയിച്ചു. ടോക്കിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫ്രഞ്ച് സാഹിത്യം പഠിച്ച അദ്ദേഹം പഠനകാലയളവിൽ തന്നെ കഥകൾ പ്രസിദ്ധീകരിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
നാഗസാക്കി, ഹിരോഷിമ എന്നിവടങ്ങിലെ അണുബോംബ് പതനമടക്കമുള്ളവ അദ്ദേഹത്തിന്റെ കഥകളിൽ പ്രത്യക്ഷപ്പെട്ടു. 2011ൽ ഫുകുഷിമ ആണവ ദുരന്തമുണ്ടായപ്പോഴും സമൂഹത്തിനായി അദ്ദേഹം ശബ്ദമുയർത്തി. ആണവവിരുദ്ധ റാലികളിലും മറ്റും പങ്കെടുത്തു. സംവിധായകൻ യൂസോ ഇറ്റാമിയുടെ സഹോദരി യുകാരിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഹികാരിയെ കൂടാതെ മറ്റ് രണ്ട് മക്കൾ കൂടിയുണ്ട് കെൻസാബുറോ ഒയിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |