കീവ്: യുക്രെയിനിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ അപ്രതീക്ഷീത സന്ദർശനം, ഇന്നലെ കീവിലെത്തിയ അദ്ദേഹം പ്രസിഡന്റ് വൊളോഡമീർ സെലൻസ്കിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ കിഷിദോ ജപ്പാനിലേക്ക് മടങ്ങുന്നതിന് പകരം യാത്രയിൽ മാറ്റം വരുത്തുകയായിരുന്നു. സ്വന്തം രാജ്യത്തിനുവേണ്ടി പൊരുതുന്ന യുക്രെയിൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ജപ്പാൻ വിദേശകാര്യവകുപ്പ് അറിയിച്ചു.
പോളണ്ടിന്റെ അതിർത്തിയിലെ ഒരു റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കിഷിദ യുക്രെയിൻ അധികൃതർക്കൊപ്പം നടക്കുന്നതിന്റെ ഫുട്ടേജ് ജപ്പാനിലെ ദേശീയ പ്രക്ഷേപണ വിഭാഗമായ എൻ.എച്ച്.കെ സംപ്രേഷണം ചെയ്തു.
യുക്രെയിൻ ഫസ്റ്റ് ഡപ്യൂട്ടി വിദേശകാര്യ മന്ത്രി എമിനി ജെപ്പറും ഒപ്പമുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ തെളിവാണ് ഇൗ ചരിത്രപരമായ സന്ദർശമെന്ന് എമിനി പറഞ്ഞു.
സന്ദർശനത്തിനിടെ നൂറു കണക്കിന് യുക്രെയിൻ വംശജരെ കൊല്ലപ്പെട്ട നിലയിൽ കണ്ട കീവിനടുത്ത പട്ടണമായ ബുച്ച കിഷിദ സന്ദർശിച്ചു. കഴിഞ്ഞ വർഷമാണ് നിഷ്കളങ്കരായ നൂറു കണക്കിന് മനുഷ്യർഇവിടെ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കീവിലെ ഇത്തരം പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ കണ്ട ക്രൂരപ്രവൃത്തികൾക്കെതിരെ തനിക്ക് ദേഷ്യമാണ് തോന്നിയതെന്ന് കിഷിദ പറഞ്ഞു. ദുരന്തത്തിനിരയായവർക്കും പരിക്കേറ്റവർക്കും അദ്ദേഹം ജപ്പാന്റെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾക്കൊപ്പം ജപ്പാനും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യുക്രെയിന് പ്രതിരോധ സാമഗ്രികളും നൽകിയിട്ടുണ്ട്. യുക്രെയിനിൽ നിന്ന് വരുന്നവർക്ക് അഭയവും നൽകിയിട്ടുണ്ട്.
എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടന യുദ്ധ മുന്നണിയിലെത്തി സഹായിക്കുന്നത് വിലക്കിയിട്ടുള്ളതിനാൽ ജപ്പാന് യുക്രെയിനിലേക്ക് പട്ടാളക്കാരെ അയക്കാൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |