വിയന്റിയൻ: അയോദ്ധ്യയിലെ രാം ലല്ലയെ ചിത്രീകരിക്കുന്ന ലോകത്തെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യയും ലാവോസും. ഇന്നലെ ലാവോസിന്റെ തലസ്ഥാനമായ വിയന്റിയനിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും ലാവോസ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സലോംക്‌സായ് കൊമാസിതിന്റെയും കൂടിക്കാഴ്ചയ്ക്കിടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ബുദ്ധനെ ചിത്രീകരിക്കുന്ന മറ്റൊരു സ്റ്റാമ്പും പുറത്തിറക്കി. ആസിയാൻ യോഗങ്ങളിൽ പങ്കെടുക്കാൻ ലാവോസിൽ എത്തിയതായിരുന്നു ജയശങ്കർ. വികസന പദ്ധതികൾ അടക്കം 10 ധാരണാപത്രങ്ങളിലും ഇന്ത്യയും ലാവോസും ഒപ്പിട്ടു. ലാവോസ് പ്രധാനമന്ത്രി സൊനക്സായ് സിഫാൻഡോണുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തി. തൊഴിൽത്തട്ടിപ്പിനിരയായി ലാവോസിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നത് അദ്ദേഹം ചർച്ച ചെയ്തു. ആസിയാൻ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |