ന്യൂഡൽഹി: സന്യാസിമാരും മതനേതാക്കളും ഭക്തരും ഉൾപ്പെടെ ഒന്നരക്കോടി ജനങ്ങളാണ് മഹാകുംഭമേളയുടെ ഭാഗമായി കഴിഞ്ഞ ദിവസം ത്രിവേണിയിൽ സ്‌നാനം ചെയ്‌തത്. ഇത്രയും ജനത്തിരക്കിനിടയിലും ശ്രദ്ധിക്കപ്പെട്ട ഒരാളുണ്ട്. അതാണ് 'ഐഐടി സ്വാമി'.
ശാന്തമായ പുഞ്ചിരി, പ്രസന്നമായ പെരുമാറ്റം, വാക്കുകളിൽ ശക്തമായ ജ്ഞാനബോധം, തിളങ്ങുന്ന കണ്ണുകൾ.. ആരും ശ്രദ്ധിച്ചുപോകും മസാനി ഗോരഖ് (അഭയ് സിംഗ് ) എന്ന ഐഐടി സ്വാമിയെ. ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ വ്യക്തിയാണ് മസാനി ഗോരഖ്. തുടർന്ന് വൻ ശമ്പളത്തോടെയ കുറച്ചുകാലം ജോലി ചെയ്‌തിരുന്നുവെങ്കിലും അദ്ദേഹമത് ഉപേക്ഷിച്ചു. ദൈവികതയെ മനസിലാക്കി ഒരു സന്യാസിയായി മാറി. ഇതോടെ അഭയ് സിംഗ് എന്ന പേരുമാറ്റി മസാനി ഗോരഖ് എന്നാക്കി.
തന്റെ ജീവിതം ഭഗവാൻ ശിവന് സമർപ്പിച്ചുവെന്നാണ് മസാനി ഗോരഖ് പറയുന്നത്. രാഘവ്, ജഗദീഷ് തുടങ്ങിയ പേരുകളിലും മസാനി ഗോരഖ് അറിയപ്പെടുന്നുണ്ട്. ഹരിയാന സ്വദേശിയായ ഇദ്ദേഹം നാല് വർഷത്തെ ഐഐടി പഠനത്തിന് ശേഷം ഡിസൈനിൽ മാസ്റ്റേഴ്‌സ് ബിരുദം നേടി. ഫോട്ടോഗ്രാഫറായും ജോലി നോക്കിയിട്ടുണ്ട്. ഭൗതികശാസ്‌ത്ര അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. ജീവിതത്തിന്റെ അർത്ഥം മനസിലാക്കാനായി പോസ്റ്റ്-മോഡേണിസം കോഴ്‌സും സോക്രട്ടീസ്, പ്ലേറ്റോ എന്നിവരെക്കുറിച്ചും പഠിച്ചുവെന്ന് മസാനി ഗോരഖ് പറഞ്ഞു.
തന്റെ തീരുമാനത്തെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് ശ്രദ്ധിക്കാറില്ലെന്നും. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്‌ത് ജീവിക്കണം. അതിനായാണ് താൻ ആത്മീയ മാർഗം സ്വീകരിച്ചതെന്നും മസാനി ഗോരഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |